26 കോടിയുടെ വിവിധ അമൃത് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ശുചിത്വ കേരളം എന്ന മുദ്രാവാക്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാകണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. കേരളത്തെ ശുചിത്വ കേരളമാക്കി മാറ്റുന്നതിലൂടെ ടൂറിസം മേഖലയിലേക്ക് ഉള്‍പ്പെടെ ആളുകളെ ആകര്‍ഷിക്കാനാകും. തൃശൂര്‍ കോര്‍പറേഷനില്‍ അമൃത് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൻ്റെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും ഫലപ്രദമായും നടപ്പിലാക്കാനാകണം. ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളം ലോകത്തിൻ്റെ തന്നെ വികസന തുരുത്താകും. വ്യക്തിജീവിതത്തിൻ്റെ ശുചിത്വബോധം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നില്ല. റോഡുകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രവണത വ്യാപകമാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് കണ്ടാല്‍ അവിടെ തന്നെ അവ തള്ളുന്ന മനോഭാവത്തിലേക്ക് നാം മാറി.
സാമൂഹ്യ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വരും തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഒപ്പം ചേര്‍ക്കാനും ശ്രമിക്കണം. കക്ഷി രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വിവിധ അമൃത് പദ്ധതികളുടെ ഉദ്ഘാടനത്തോടെ തൃശൂര്‍ നഗരത്തിൻ്റെ മുഖം മാറുകയാണെന്ന് ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം എന്നത് വലിയ വെല്ലുവിളിയാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടികള്‍ സുതാര്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമൃത് പദ്ധതിയില്‍ 26 കോടി രൂപ ചെലവ് ചെയ്ത് വിവിധ പദ്ധതികളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 22.31 കോടി രൂപ ചെലവില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് സോണിംഗ് ആന്റ് മാപ്പിംഗ്, കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകള്‍ക്ക് പകരം പുതിയ പൈപ്പുകള്‍ സ്ഥാപിക്കല്‍, കുടിവെള്ള വിതരണ ശൃംഖലയുടെ ശാക്തീകരണം ഉള്‍പ്പെടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികള്‍. ഇതോടൊപ്പം പതിറ്റാണ്ടുകള്‍ പഴക്കമുള്ള നെഹ്‌റു പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി മ്യൂസിക്കല്‍ ഫൗണ്ടന്‍, ഉദ്യാനം വിളക്കുകള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണം, വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കല്‍, കുട്ടികളുടെ കളിസ്ഥലത്ത് മണല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള 2.66 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മുണ്ടുപാലം നിവാസികളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമായി ഒരു കോടി രൂപ ചെലവില്‍ മുണ്ടുപാലം മുതല്‍ അവന്യൂ റോഡ് വരെ മഴവെള്ള കവര്‍സ്ലാബ് കാന സഹിതം നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചു.
മേയര്‍ എം.കെ.വര്‍ഗ്ഗീസ്, ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി, അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.