സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിൻ്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 16.69 കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം മിഷൻ്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രോഗികള്‍ക്ക് ആര്‍ദ്രതയോടെയുള്ള ചികിത്സ ലഭിക്കുന്നു എന്നത് ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ ഒരു പടവ് കൂടി കയറുകയാണ് വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ഇത്തരം പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ എന്നും മന്ത്രി പറഞ്ഞു.
കോവിഡ് വെല്ലുവിളി ഘട്ടം നേരിട്ട് അസുഖത്തിൻ്റെ തീവ്രത കുറക്കുന്നതിനും അതിജീവിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമമാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാന്തരമായി ആരോഗ്യമേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്നുണ്ട്.
ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ്. പരിശോധനകള്‍ കൂട്ടുന്നതിനായി ലബോറട്ടറി നെറ്റ്വര്‍ക്കുകള്‍ ശാക്തീകരിക്കും. 2025 ഓടെ കേരളത്തില്‍നിന്ന് ക്ഷയരോഗം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനുള്ള ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ്, നിപ്പ തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെ മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രാഖടെ അധ്യക്ഷനായി.
തൃശൂര്‍ ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 9 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. എന്‍ എച്ച് എം വിഹിതമായ 7 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബാരോഗ്യ ഉപ കേന്ദ്രത്തിനുമായി വിനിയോഗിച്ചിരിക്കുന്നത്. എഫ് എച്ച് സി മാമ്പ്രയുടെ കീഴില്‍ മേലഡൂര്‍ സബ് സെന്റര്‍, കൊടകരയില്‍ തേശ്ശേരി, പാമ്പൂരില്‍ പോട്ടോര്‍, അയ്യന്തോളില്‍ ചേറ്റുപുഴ, വല്ലച്ചിറയില്‍ കടലാശ്ശേരി, കുഴൂര്‍ എഫ് എച്ച് സിക്ക് കീഴില്‍ കുഴൂര്‍ സബ് സെന്റര്‍, മേത്തലയില്‍ വിപി തുരുത്ത്, ചൊവ്വന്നൂരില്‍ ചെമ്മന്തിട്ട, പൂമല എഫ് എച്ച് സിക്ക് കീഴില്‍ തിരൂര്‍ സബ് സെന്റര്‍ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
കുടുംബാരോഗ്യ ഉപകേന്ദ്രമായി ഉയര്‍ത്തുമ്പോള്‍ നിലവില്‍ ലഭ്യമായ സേവനങ്ങള്‍ക്കൊപ്പം തന്നെ രോഗികള്‍ക്കായി കാത്തിരിപ്പുകേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നെസ് ക്ലിനിക്, ഓഫീസ്മുറി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ സേവനം, പ്രതിരോധ കുത്തിവെപ്പ് മുറി, മുലയൂട്ടല്‍ മുറി, കോപ്പര്‍ട്ടി ഇടുന്നതിനുള്ള മുറി, മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രോഗികള്‍ക്കുള്ള ശുചിമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ കലക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.