തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനം ഒരുക്കുന്ന ബൃഹത് പദ്ധതിയായ പുനര്‍ഗേഹത്തിലൂടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം 16ന് വ്യാഴാഴ്ച നടക്കും. തൃശൂരില്‍ പദ്ധതി മുഖേന 93 ഗുണഭോക്താക്കള്‍ക്കാണ് ഭവനങ്ങള്‍ ലഭിച്ചത്. ഇതില്‍ 53 ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങാണ് നടക്കുന്നത്.
താക്കോല്‍ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നാലുമണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച 43 ഗുണഭോക്താക്കളുടെയും മണലൂര്‍, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലെ അഞ്ച് വീതം ഗുണഭോക്താക്കളുടെയും താക്കോല്‍ദാന ചടങ്ങാണ് നടക്കുന്നത്. പുനര്‍ഗേഹം പദ്ധതി ആദ്യം പ്രാവര്‍ത്തികമാക്കിയത് കയ്പമംഗലം മണ്ഡലത്തിലാണ്. മണ്ഡലത്തിലെ എറിയാട് പഞ്ചായത്ത് ബി ആര്‍ അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ റവന്യൂ മന്ത്രി കെ രാജന്‍ താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനാകും.
സംസ്ഥാനതലത്തില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ട 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോല്‍ദാനവുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയുമുള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കല്‍. വ്യക്തിഗത ഭവനങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായം. തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.