ഡോ. സന്തോഷ് മാത്യു എഴുതുന്നു
വിഒസി സ്ട്രീറ്റ് അഥവ വാവ്വോസി തെരുവ് – തമിഴ്‌നാടിൻ്റെ ഏതുമുക്കിലും മൂലയിലും കാണുന്ന ഒരു പേരാണത്. ചെന്നൈ നഗരം തൊട്ട് കുഗ്രാമങ്ങളില്‍ പോലും വിഒസി തെരുവുകള്‍ കാണാം.
തമിഴൻ്റെ ആത്മാഭിമാനത്തിൻ്റെ എക്കാലത്തേയും ആള്‍രൂപമായിരുന്ന വി ഒ ചിദംബരം പിള്ളയുടെ പേരിലുള്ളതാണ് ഈ തെരുവുകള്‍. ചിദംബരം പിള്ളയെ കപ്പലോട്ടിയ തമിഴന്‍ എന്ന് വിളിക്കാനാണ് തമിഴന്‍ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരെ വെല്ലുവിളിച്ച് തൂത്തുകുടിയില്‍ നിന്ന് അന്നത്തെ സിലോണിലെ (ഇന്ന് ശ്രീലങ്ക) കൊളംബോയിലേക്ക് സ്വദേശി കപ്പല്‍ സര്‍വീസ് നടത്തുന്നതിന് ചുക്കാന്‍ പിടിച്ചതിനാണ് കപ്പലോട്ടിയ തമിഴന്‍ എന്ന വിളിപ്പേര് ചിദംബരം പിള്ളക്ക് വന്ന് ചേര്‍ന്നത്.
ഇന്നത്തെ തൂത്തുകുടി ജില്ലയിലെ ഒറ്റപിടാരത്ത് 1872 സെപ്തംബര്‍ അഞ്ചിനാണ് ചിദം ബരം പിള്ളയുടെ ജനനം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ തീട്ടൂളയിലേക്ക് വന്നതിനെ തുടര്‍ന്നാണ് വള്ളിയപ്പന്‍ ഉലഗനാഥന്‍ ചിദംബരം പിള്ള ലോപിച്ച് വിഒസി എന്ന് വിളിപ്പേരായത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ തീവ്ര നിലപാടുകാരോടായിരുന്നു തുടക്കം മുതല്‍ ചിദംബരം പിള്ളയുടെ ആഭിമുഖ്യം. ബാലഗംഗാധര തിലകൻ്റെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി രൂപീകരിച്ചു. തുടര്‍ന്ന് കപ്പല്‍ വാങ്ങാനാവശ്യമായ വിഭവ സമാഹരണത്തിനായി രാജ്യം മുഴുവന്‍ സഞ്ചരിച്ചു. ഒടുവില്‍ ഒരു ഫ്രഞ്ച് കപ്പല്‍ സ്വന്തമാക്കി തൂത്തുക്കുടിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൊളംബോയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു.
വിറളി പൂണ്ട ബ്രിട്ടീഷുകാര്‍ അതിലും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചെങ്കിലും വിഒസിയുടെ കപ്പലിലേക്കായിരുന്നു യാത്രക്കാരുടെ ഒഴുക്ക്. ഒടുവില്‍ തികച്ചും സൗജന്യ യാത്ര പ്രഖ്യാപിച്ചാണ് വിഒസി കമ്പനിയെ ബ്രിട്ടീഷുകാര്‍ക്ക് തോല്‍പ്പിക്കാനായത്.
തൂത്തുക്കുടിയിലും തിരുനല്‍വേലിയിയും തിരുച്ചിറപ്പിള്ളിയിലും ആയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിഒസി ഇംഗ്ലീഷ് ഭാഷയിലും സ്വാധീനം നേടി. ബാരിസ്റ്റര്‍ പരീക്ഷ വിജയിച്ചതോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ അമരക്കാരുമായി ഉറ്റബന്ധം സ്ഥാപിച്ചു. മഹാകവി ഭാരതി അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശികളില്‍ ഒരാളാണ്.
ബ്രിട്ടീഷ് ഇന്ത്യന്‍ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ കപ്പല്‍ ഗതാഗത കുത്തക പൊളിച്ചടുക്കിയ വിഒസി ഇതിനകം ബ്രിട്ടീഷുകാരുടെ കണ്ണില്‍ കരടായി. തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിച്ച് ബാരിസ്റ്റര്‍ ലൈസന്‍ പദവി എടുത്തുകളഞ്ഞു. അങ്ങനെ പലവിധത്തിലും അദ്ദേഹത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു ഇംഗ്ലീഷുകാര്‍.
എസ് എസ് ഗാലിയ, എസ് എസ് ലാവോ എന്നീ കപ്പലുകള്‍ വിഒസി ഇതിനകം സ്വന്തമാക്കിയിരുന്നു. ഇതിനിടെ 1908ല്‍ അദ്ദേഹത്തെ രാജ്യദ്രോഹ കുറ്റം ആരോപിച്ചു 40 വര്‍ഷത്തേക്ക് ജയിലിലടച്ചു. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന അദ്ദേഹത്തെ ശിക്ഷയിളവ് നല്‍കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 1912 ഡിസംബറില്‍ ജയില്‍ മോചിതനാവും വരെ പക്ഷേ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് അദ്ദേഹം നേരിട്ടത്. എണ്ണയാട്ട് യന്ത്രത്തില്‍ കാളകളെ പോലെ ചക്രം തിരിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടു. ആരോഗ്യം ക്ഷയിച്ച് നിത്യരോഗി ആയാണ് വിഒസി ജയില്‍ മോചിതനായത്.
ഇതിനിടെ കടുത്ത് സാമ്പത്തിക പ്രശ്‌നത്തില്‍ ആയിരുന്നു അദ്ദേഹത്തിൻ്റെ കമ്പനി. ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു. ജയില്‍ മോചിതനായെങ്കിലും വിഒസിയെ തിരുനല്‍വേലിയിലേക്കോ സ്വദേശത്തേക്കോ പോകാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചില്ല. രണ്ടു മക്കളുമായി തുടര്‍ന്ന് മദ്രാസിലായിരുന്നു അദ്ദേഹത്തിൻ്റെ താമസം.
1936 നവംബര്‍ 18നായിരുന്നു തമിഴൻ്റെ ഏറ്റവും വലിയ സ്വകാര്യ അഹങ്കാരം വിഒസിയുടെ മരണം. കപ്പലോട്ടിയ തമിഴൻ്റെ സ്മരണക്കായി രാജ്യത്തെ ഏറ്റവും പ്രമുഖ തുറമുഖങ്ങളിലൊന്നായ തൂത്തുക്കുടിക്ക് വിഒസിയുടെ പേര് നല്‍കി രാജ്യം ആദരിച്ചു.
തദ്ദേശീയ കമ്പനികളെ തകര്‍ത്ത് കമ്പോളം എങ്ങനെ കുത്തകവത്ക്കരിക്കാം എന്ന സാമ്രാജ്യത്വ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിഒസിയുടെ കപ്പല്‍ കമ്പനിയെ തകര്‍ത്ത സംഭവം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ എല്ലാ മേഖലകളിലുമുള്ള കുത്തകവത്ക്കരണത്തിനെതിരെ സ്വദേശീയമായി പ്രതിരോധിക്കാമെന്ന് കാണിച്ചുതന്ന ഇന്ത്യക്കാരനാണ് വിഒസി എന്ന് വേണമെങ്കില്‍ പറയാം. സ്വന്തം കമ്പനിക്കായി രാജ്യം മുഴുവന്‍ സഞ്ചരിച്ച ഈ ദേശീയവാദിക്ക് അരബിന്ദോ, സുബ്രഹ്‌മണ്യ ഭാരതി, മഹാത്മാ ഗാന്ധി എന്നിവരില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. കപ്പലോട്ടിയ തമിഴന്‍ എന്ന വിഒസി തമിഴൻ്റെ ആത്മാഭിമാനത്തിൻ്റെ എക്കാലത്തേയും വലിയ പ്രതിരൂപം തന്നെയാണ്.
ഡോ. സന്തോഷ് മാത്യു, അസി. പ്രൊഫസർ
സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി