നവകേരളം പുരസ്കാരം കുന്നംകുളം നഗരസഭയ്ക്ക്

0

സമഗ്ര ഖരമാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതല ഓഡിറ്റിംഗിൽ 72% മാർക്ക് നേടി കുന്നംകുളം നഗരസഭ ഒന്നാം സ്ഥാനത്ത്. നവകേരള പുരസ്കാരവും രണ്ട് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നഗരസഭയ്ക്ക് ലഭിക്കും.

തൃശൂർ ജില്ലയിൽ കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട നഗരസഭകളെയാണ് പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. വിലയിരുത്തലിൽ കുന്നംകുളം നഗരസഭ
ഒന്നാമതെത്തി.

അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ഉറവിട ജൈവ മാലിന്യ സംസ്കരണം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, ജൈവ മാലിന്യ സംസ്കരണത്തിൻ്റെ ഗുണപരമായ നടത്തിപ്പ്, അജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിലെ ശാസ്ത്രീയത, ഹരിത കർമ്മ സേനക്ക് ലഭിക്കുന്ന യൂസർ ഫീ, തുടങ്ങി വിവിധ മേഖലകളിലെ മികവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച ജില്ലാതല ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം നഗരസഭയ്ക്ക് നവകേരള പുരസ്കാരം ലഭിച്ചത്.

ശുചിത്വത്തിൽ നൂറ് മാർക്കും നേടുക എന്ന ലക്ഷ്യമിട്ട് നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ പരിപാടി നല്ല വീട് നല്ല നഗരം പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് നഗരസഭയോടൊപ്പം സഹകരിക്കുന്ന മുഴുവൻ പേർക്കും ചെയർപേഴ്സൺ സീതാ രവീന്ദ്രൻ നന്ദി അറിയിച്ചു.