തെലുങ്കിൽ ‘ശാകുന്തളം’ ഒരുങ്ങുന്നു, നായകൻ മലയാളത്തിൻ്റെ ‘സൂഫി’

0
വർക്ക് ഔട്ട് ചിത്രം പങ്കുവെച്ച് താരം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ എത്തുന്ന ശാകുന്തളം. തെന്നിന്ത്യന്‍ താരം സമാന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സമാന്ത ശകുന്തളയാകുമ്പോള്‍ നായകനായ ദുശ്യന്തന്‍  ആവുന്നത് ‘സൂഫിയും സുജാതയും’ താരം ദേവ് മോഹന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിനായുള്ള വർക്ക് ഔട്ട് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. സൂഫിയും സുജാതക്ക് ശേഷം ദേവ് മോഹൻ്റെ പാൻ ഇന്ത്യൻ സിനിമയാണ് ശാകുന്തളം.
പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തൻ്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിൻ്റെ പാക്കപ്പ് പാർട്ടിയിൽ സാമന്ത പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സുമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു.
കാളിദാസൻ്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരികയാണ്. ഗുണാ ടീം വർക്ക്സ്, ദിൽ രാജു പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നീലിമ ഗുണാ, ദിൽ രാജു, ഹൻഷിതാ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.ദേശീയ അവാർഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം.
തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ്റെ മകൾ അല്ലു അർഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്.  നേരത്തെ അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.