കാബൂള്‍ പിടിക്കാന്‍ താലിബാന് കഴിഞ്ഞെങ്കിലും പിടികൊടുക്കാതെ നില്‍ക്കുകയാണ് പാഞ്ച്ഷീര്‍ പ്രവിശ്യ. ഇതോടെ മറ്റ് ചില പ്രദേശങ്ങളും താലിബാന്‍ വിരുദ്ധ പോരാട്ട വഴിയിലാണ്.
കൂടുതല്‍ മേഖലകള്‍ എതിര്‍പ്പുമായി വരുന്നത് ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവില്‍ പാഞ്ച്ഷീര്‍ പിടിക്കാന്‍ ഒരുങ്ങുകയാണ് താലിബാന്‍. ഇതിനായി ആയിരക്കണക്കിന് ഭീകരരെയാണ് അയച്ചിട്ടുള്ളത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് താലിബാന്‍ വിരുദ്ധര്‍.
അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡണ്ട് അമറുള്ള സലേയുടെ നേതൃത്വത്തിലാണ് താലിബാന്‍ വിരുദ്ധര്‍ പാഞ്ച്ഷീറില്‍ തമ്പടിച്ചിട്ടുള്ളത്. നഗര കവാടത്തിന് സമീപം ക്യാമ്പ് ചെയ്തിട്ടുള്ള താലിബാന്‍ ഭീകരര്‍ പക്ഷേ ഇതുവരെയും ആക്രമണം ആരംഭിച്ചിട്ടില്ല. സലാങ്ങ് ഹൈവേ അടച്ചിരിക്കുകയാണ്.
സലേയും താലിബാന്‍ വിരുദ്ധ പോരാളി ആയിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദുമാണ് വിരുദ്ധ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. അഫ്ഗാന്‍ സൈനികരും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പാഞ്ച്ഷീര്‍ പ്രവിശ്യയോട് ചേര്‍ന്നുള്ള മൂന്ന് ജില്ലകളും ഇവര്‍ പിടിച്ചെടുത്തിരുന്നു.