HomeKeralaഅഴീക്കോട് - മുനമ്പം പാലം നിർമാണം വേഗത്തിലാക്കും: മന്ത്രി റിയാസ്

അഴീക്കോട് – മുനമ്പം പാലം നിർമാണം വേഗത്തിലാക്കും: മന്ത്രി റിയാസ്

തീരദേശത്തിൻ്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അഴീക്കോട് മുനമ്പം പാലത്തിൻ്റെ നിർദ്ദിഷ്ട സ്ഥലവും മുസിരിസ് മുനയ്ക്കൽ ബീച്ചിലെ മിയോവാക്കി വനങ്ങളും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട് – മുനമ്പം പാലത്തിൻ്റെ നിർമാണ നടപടികൾ വേഗത്തിലാക്കും. പാലത്തിൻ്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച തുക സ്ഥലം വിട്ടു കൊടുത്ത അവകാശികൾക്ക് നൽകുവാനുള്ള നടപടികളും വേഗത്തിലാക്കും. പാലം നിർമാണത്തിനായി കിഫ്ബിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് ദർഘാസ് ക്ഷണിച്ചതിൽ രേഖപ്പെടുത്തിയ കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ച നിരക്കായതിനാൽ വിഷയം ധനകാര്യ വകുപ്പിൻ്റെ പരിഗണനയിലാണ്. ധനമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും.

പ്രസ്തുത അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പാലം നിർമാണം ആരംഭിച്ച ശേഷം നടപ്പിലാക്കാവുന്നതാണെന്ന് കിഫ്ബി നിർദ്ദേശിച്ചിട്ടുള്ളതിനാൽ സങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാനും കെ ആർ എഫ് ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഴീക്കോട് മുനമ്പംപാലം യാഥാർത്ഥ്യത്തിലേക്ക് നീക്കുവാൻ തൃശൂർ ജില്ലാ കലക്ടർക്ക് ഫോണിലൂടെ നിർദേശവും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി ഉന്നതതലയോഗം വിളിച്ചു ചേർക്കും.

ചരിത്രപ്രാധാന്യമുള്ളതും മറ്റെല്ലാ നിലയ്ക്കും പ്രാധാന്യമുള്ളതുമായ ബീച്ചെന്ന നിലയിൽ മുസിരിസ് ബീച്ചിൻ്റെ വികസനത്തെ ടൂറിസം വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥലത്തിൻ്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി, ആ നിലയിൽ തന്നെ മേഖലയിലെ ടൂറിസം രംഗം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Most Popular

Recent Comments