2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖായിദ ഭീകരാക്രമണത്തിനു പിന്നാലെ ഒക്ടോബർ 7ന് ആണ് അഫ്ഗാനിൽ യുഎസ് സൈനിക നടപടി ആരംഭിച്ചത്. 2009 ൽ പ്രസിഡൻ്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ, പല ഘട്ടങ്ങളിലായി സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽ നിന്നും അഫ്ഗാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്.
ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 29ന് ഒപ്പുവച്ച യുഎസ് – താലിബാൻ സമാധാനക്കരാറിൻ്റെ ചുവടുപിടിച്ചാണു പിന്മാറ്റം. അവസാനഘട്ട സൈനിക പിന്മാറ്റം മേയ് ഒന്നിന് ആരംഭിക്കുമെന്നും വേൾഡ് ട്രേഡ് സെൻ്ററിലെ ആക്രമണത്തിൻ്റെ 20–ാം വാർഷികത്തിനു മുൻപായി പൂർത്തിയാകുമെന്നും ബൈഡൻ പറഞ്ഞിരുകയാണ്. സമാധാനം വേണ്ടത് അഫ്ഗാനിസ്ഥാനും താലിബാനുമാണെന്ന് ബൈഡൻ പറഞ്ഞു.
1979 ലെ സോവിയറ്റ് അധിനിവേശത്തോടെ സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്താനിൽ ആഭ്യന്തര കലാപങ്ങളും സാമ്രാജ സാമ്രാജ്യത്വ അധിനിവേശങ്ങളും നിറഞ്ഞ നാലു പതിറ്റാണ്ടുകൾ അവസാനിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. 43,000 സിവിലിയന്മാർ ഉൾപ്പെടെ ഒന്നരലക്ഷത്തിലധികം മനുഷ്യർക്ക് ഇതിനോടകം അഫ്ഗാനിൽ ജീവഹാനി നേരിട്ടു. ഭൂപരിഷ്കരണവും’ സോഷ്യലിസ്റ്റ് സാമൂഹികക്രമവും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സോവിയറ്റ് ഭരണാധിപതി ബ്രഷ്നേവ് ചെമ്പടയെ കാബൂളിലേക്കയച്ചത്. ഒമ്പതു വർഷങ്ങൾക്കകം 15,000 ഭടന്മാരെയും 1600 ടാങ്കുകളും 1000 വിമാനങ്ങളും തുലച്ച് സോവിയറ്റ് യൂനിയന് അവിടുന്ന് ദയനീയമായി പിന്മാറേണ്ടി വന്നു.
താലിബാനെതിരായ സൈനിക നടപടിക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ഇന്ത്യ ഉൾപ്പെടെയുള്ള അയൽനാടുകളുടെയും പിന്തുണയും കാബൂളിലെ യു.എസ് അനുകൂല സർക്കാറിന്‍റെ സുരക്ഷയും ലഭിച്ചിട്ടും രാജ്യത്തിന്‍റെ 35 ശതമാനം പ്രദേശങ്ങളും താലിബാന്‍റെ സമ്പൂർണ നിയന്ത്രണത്തിലായി. ഇത് അവരുമായി എവ്വിധമെങ്കിലുമുള്ള കരാറിൽ ഒപ്പിട്ട് തടിയൂരാൻ അമേരിക്കയെ നിർബന്ധിതമാക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട ദൗത്യത്തിനൊടുവിൽ യു.എസ്.,നാറ്റോ സേനാംഗങ്ങൾ അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമകേന്ദ്രം വിട്ടു കഴിഞ്ഞിരിക്കയാണ്. 20 കൊല്ലത്തോളം താലിബാൻ ഭീകരർക്കെതിരേ സേന നടത്തിയ യുദ്ധത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്നു കാബൂളിന് വടക്കുള്ള ബാഗ്രാം വ്യോമകേന്ദ്രം.
ഇന്ത്യ താലിബാനുമായി ഖത്തറിൽ രഹസ്യചർച്ചകൾ നടത്തി കഴിഞ്ഞിരുന്ന പാക്കിസ്ഥാനെ നിലക്ക് നിർത്താനാണത്രെ ഈ കൂടിക്കാഴ്ച. പ്രമുഖ തിങ്ക്ടാങ്കായ ലണ്ടൻ ആസ്ഥാനമായുള ചാതം ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അഫ്ഗാൻ കാര്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വലിയ വെല്ലുവിളികൾ പതിയിരിക്കുന്നതോടൊപ്പം അവസരങ്ങളും കാത്തു കിടക്കുന്നു ആ രാജ്യത്ത്.
അഫ്ഗാനിൽ നിന്ന് അമേരിക്കക്കു ഒരു ഡോളർ പോലും കിട്ടിയതുമില്ല എന്നാൽ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സൈനിക നടപടിക്ക് വേണ്ടി ചിലവാക്കിയ ഒരു ട്രില്യൺ ഡോളർ നഷ്ടമാകുകയും ചെയ്തു. അതായത് അമേരിക്കൻ ജിഡിപി യുടെ അഞ്ച് ശതമാനം പോയിക്കിട്ടി. അഫ്‌ഗാനിൽ അമേരിക്കയ്ക്ക് പാഴ്‌ചിലവ് മാത്രമേയുള്ളൂവെന്ന് കണ്ടു പിടിച്ചത് ട്രംപ് ആയിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള സമീപരാജ്യങ്ങളെ ആശങ്കയിൽ ആഴ്‌ത്തിയിരിക്കയാണ്.
ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരിൽ രണ്ടു പതിറ്റാണ്ടായി അവിടെയുണ്ടായിരുന്ന യുഎസ് സൈന്യം രാജ്യത്തെ താലിബാന് വിട്ടുകൊടുത്ത് തടിതപ്പുകയാണ്. ഭീകരസംഘടനകൾ തകർന്നില്ലെന്നു മാത്രമല്ല, ഐഎസ് ഉൾപ്പെടെയുള്ളവ അവിടം താവളമാക്കുകയും ചെയ്‌തു. ബിൻ ലാദനെ വധിച്ചിട്ടും അൽഖായ്‌ദ ശക്തിപ്രാപിക്കുന്നു. ഇത്തരം സംഘടനകൾക്കെല്ലാം മാതൃത്വം നൽകുന്ന താലിബാൻ ഭരണം പിടിക്കുന്നു.
അഫ്ഗാനിസ്ഥാന്റെ സുരക്ഷയും പുനർനിർമാണവും യുഎസിൻ്റെ ഉത്തരവാദിത്തം അല്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തിൻ്റെ 90 ശതമാനം ഭൂമിയും താലിബാൻ്റെ നിയന്ത്രണത്തിലായി. ആറുമാസത്തിനകം ഭരണനിയന്ത്രണം താലിബാൻ ഏറ്റെടുത്തേക്കുമെന്നാണ് വിലയിരുത്തൽ. അഫ്‌ഗാൻ സൈനികർ തജികിസ്ഥാനിലേക്കും മറ്റും രക്ഷപ്പെടുന്ന വാർത്തകളാണ് വരുന്നത്. ജോർജ് ഡബ്ല്യു ബുഷ് തുടങ്ങി ഒബാമയും ട്രംപും ഏറ്റെടുത്ത് ബൈഡനിലെത്തിയ അധിനിവേശം കൊണ്ട് അമേരിക്ക എന്ത് നേടി എന്ന ചോദ്യം അവശേഷിക്കുന്നു.
അഫ്ഗാനിലെ സാധാരണക്കാർക്കുണ്ടായ നാശങ്ങൾക്ക് ഔദ്യോഗിക കണക്കില്ല. ബോംബുകളുടെ അമ്മ എന്നറിയപ്പെടുന്ന ജിബിയു 48 പോലും അഫ്ഗാൻ ഗ്രാമങ്ങളിൽ യുഎസ് സേന പ്രയോഗിച്ചിരുന്നു. അധിനിവേശത്തിനും അഫ്ഗാൻ പുനർ നിർമാണത്തിനുമായി അമേരിക്ക മൂന്ന് ലക്ഷം കോടിയോളം യുഎസ് ഡോളർ ചെലവഴിച്ചു. ഇന്ത്യൻ ജിഡിപിയുടെ അത്രയും വരും ഇത്. ഇതിനിടയിലാണ് ആഗോള സാമ്പത്തികമാന്ദ്യം. അമേരിക്കയിൽ തൊഴിലില്ലായ്‌മ കുതിച്ചുയർന്നു. ജനരോഷം ശക്തമായി. കഴിഞ്ഞ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെയും ബൈഡൻ്റെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അഫ്ഗാനിൽനിന്ന് പിൻവാങ്ങുമെന്നത്. താലിബാനുമായി ഉണ്ടാക്കിയ ദോഹ കരാർ അമേരിക്കയുടെ നിസ്സഹായതയിൽനിന്ന് ഉണ്ടായതാണ്. ആ രാജ്യത്തെ വികസിപ്പിക്കലോ അവിടെ ജനാധിപത്യം സ്ഥാപിക്കലോ ഒന്നുമായിരുന്നില്ല യുഎസിൻ്റെ ഉദ്ദേശ്യം.
പഴയപോലെ ലോക പൊലീസ് കളിക്കാനുള്ള ശേഷി അമേരിക്കയ്‌ക്ക് ഇല്ലെന്നത് വസ്തുതയാണ്. കാൽനൂറ്റാണ്ടിനുശേഷം വീണ്ടും താലിബാൻ ഭരണം ആസന്നമായിരിക്കയാണ്. ഒടുങ്ങാത്ത ആഭ്യന്തര യുദ്ധമായിരിക്കും തുടർന്നുണ്ടാകുകയെന്ന് വ്യക്തമാണ്. അഫ്‌ഗാൻ കേന്ദ്രമാക്കുന്ന ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ സൈന്യത്തിൻ്റെ സഹായമുണ്ടെന്നത് സുവ്യക്തമാണ്. ബിൻലാദന് പാക് സൈനിക കേന്ദ്രമായ അബോട്ടാബാദിൽ ഒളിത്താവളമൊരുക്കിയത് ഉദാഹരണം. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ വർധിക്കാൻ അഫ്‌ഗാൻ സംഭവ വികാസങ്ങൾ ഹേതുവായേക്കാം. താലിബാൻ്റെ കുടക്കീഴിൽ പാക് താലിബാൻ എന്ന സേനതന്നെയുണ്ട്. താലിബാൻ്റെ മുന്നേറ്റം, സ്വതേ ദുർബലമായ പാകിസ്ഥാൻ്റെ രാഷ്ട്രീയ ഘടനയെ കലുഷിതമാക്കും. ഇത് ഇന്ത്യക്കും ഭീഷണിയാണ്.
വഹാബിസം + പഠാനിസം = താലിബാൻ, ഇതാണ് സമവാക്യം. പത്താൻകാർക്കിടയിൽ പഷ്തൂൺവാലി എന്നറിയപ്പെടുന്ന ഒരു നിയമ സംഹിതയുണ്ട്. അനറ്റോൾ ലീവൻ Pakistan A hard country എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. അയാൾ പാകിസ്ഥാനിൽ 20 കൊല്ലത്തോളം ജീവിച്ച ബ്രിട്ടീഷ് ജേണലിസ്റ്റ് ആണ്. അതിൽ പറയുന്നത് പഷ്തൂൺവാലി ശരീഅത്തിനേക്കാൾ പ്രാകൃതമാണെന്നാണ്. പഠാനുകളുടെ കൂറ് അഫ്ഗാനിസ്ഥാനോടാണ്. Every Afghan may not be a Patan, but every Patan is Afghan എന്നൊരു ചൊല്ല് തന്നെ അവർക്കിടയിലുണ്ട്. പത്താനുകളുടെ പോരാട്ട വീര്യവും ആരുടെ മുമ്പിലും കീഴടങ്ങാൻ വിസമ്മതിക്കുന്ന ഗോത്രീയ ചോദനയും അപാരമാണ്. താലിബാന് ആയുധങ്ങൾ കൊടുക്കുന്നത് പാക്കിസ്താൻ ആണ് എന്നത് പരസ്യമായ രഹസ്യം ആണ്. പഷ്‌തൂൺ ആയ ഇമ്രാൻ ഖാൻ താലിബാൻ്റെ ഒന്നാന്തരം ഫാനാണ്. 1978 മുതൽ കമ്യൂണിസ്റ്റ് -സോവിയറ്റ് അധിനിവേശത്തിനെതിരെ അമേരിക്ക ആയുധവും പണവും നൽകി വളത്തിയ അഫ്ഗാൻ മുജാഹീദീങ്ങളാണ് പിന്നീട് താലിബാനായി പരിണമിക്കുന്നതിലേക്ക് നയിച്ചത്. കണക്കില്ലാത്ത സോവിയറ്റ് ആയുധങ്ങൾ അമേരിക്ക വാങ്ങി മുജാഹിദീങ്ങൾക്ക് പരിശീലനം നൽകി. ഇക്കാലത്ത് ഒസാമ ബിൻലാദൻ CIA ഏജൻ്റ് കൂടിയായിരുന്നു.
ഇന്ത്യ ഭയപ്പെടുന്ന ചൈന-താലിബാന്‍-പാകിസ്ഥാന്‍ അച്ചുതണ്ട് രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം എത്തിയാല്‍ ഉയ്ഗുര്‍ മുസ്ലിങ്ങളുടെ തീവ്രവാദ പ്രസ്ഥാനത്തിന് അഫ്ഗാനിസ്ഥാനില്‍ തണലൊരുങ്ങുമോ എന്ന ഭയം ചൈനയ്ക്കുണ്ടായിരുന്നു. ഉയ്ഗുര്‍ മുസ്ലിങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചൈന. ചൈനയുടെ ഈ ഭയം നീക്കാനാണ് മൂന്നാമതൊരു രാജ്യത്തിൻ്റെ
അഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന്‍ അഫ്ഗാനിസ്ഥാൻ്റെ മണ്ണ് ഉപയോഗിക്കില്ലെന്ന ഉറപ്പ് ചൈനക്ക് നൽകിയത്. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആഗോള ജിഹാദിനെയും അവർ പിന്തുണച്ചിരുന്നു.
സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ നിന്ന് പോയപ്പോൾ, കമ്യൂണിസ്റ്റ് രാജ്യമല്ലാത്ത ഒറ്റ രാഷ്ട്രമേ അതിനു പിന്തുണച്ചുള്ളൂ-ഇന്ത്യ. അമേരിക്ക അഫ്ഗാനിൽ എത്തിയപ്പോഴും ഇന്ത്യ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയോടുള്ള ശത്രുതയ്ക്കു താലിബാനെ പ്രകോപിപ്പിച്ച ആദ്യ ഘടകങ്ങൾ ഇതൊക്കെയാണ്. തുർക്കി -താലിബാൻ – പാകിസ്ഥാൻ – ചൈന സഖ്യം ഇന്ത്യക്കെതിരേ രൂപപ്പെടും എന്നുറപ്പാണ്. അത് ഇന്ത്യക്ക് വലിയ ഭീഷണിയാണ്
താലിബാൻ വന്നാൽ ഇന്ത്യയ്ക്കു മാത്രമല്ല, അഫ്ഗാൻ ജനതയ്ക്കും പ്രയാസമാണ്. സ്വാതന്ത്ര്യമില്ല, പാട്ടില്ല,നൃത്തമില്ല,സ്ത്രീകൾക്കു വിദ്യാഭ്യാസമില്ല, വസ്ത്ര ധാരണത്തിൽ പോലും നിയന്ത്രണങ്ങൾ വരും. താലിബാൻ പിന്തുണ കൂടിയാകുമ്പോൾ ബിആർഐ ദുർബലമാവുകയല്ല, ശക്തിപ്പെടുകയാണു ചെയ്യുക. ഫലത്തിൽ ചൈനയ്ക്കു ലാഭവും.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെടലിൻ്റെ നാൾ വഴികൾ :
നവംബർ 13, 2001 — യുഎസ് സൈന്യം കാബുളിലെത്തുന്നു.
ഡിസംബർ 5,2001 – ബോൺ ഉടമ്പടി വടക്കൻ സൈന്യവുമായി ഒപ്പിടുന്നു.
ഡിസംബർ 7, 2001 — മുല്ല ഒമർ കാണ്ഡഹാറിൽ നിന്ന് പാലായനം ചെയ്തതോടെ താലിബാൻ ഭരണത്തിന് അറുതിയായി .
ഡിസംബർ 13, 2001 — കർസായി കാബൂളിൽ എത്തി ചേർന്നു.
ഡിസംബർ 22, 2001 — കർസായി ചെയർമാനായി കൊണ്ട് 29-അംഗ ഭരണം നിലവിൽ വന്നു.
2004 മുതൽ 2009 വരെ — പൊതു തിരഞ്ഞെടുപ്പിലൂടെ കർസായി രണ്ടു വട്ടം പ്രസിഡൻ്റായി.
ഏപ്രിൽ 5, 2014 — തിരഞ്ഞെടുപ്പിൽ അഷ്‌റഫ് ഘനിയും അബ്ദുല്ല അബ്ദുള്ളയും ഒരേ പോലെ വിജയം അവകാശപ്പെട്ടു .അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുടെ മധ്യസ്ഥതയിൽ ഐക്യ ഗവണ്മെൻ്റ് രൂപവത്കരിച്ചു. ഘനി പ്രസിഡൻ്റും അബ്ദുല്ല രാജ്യത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവും ആയി മാറി.
ഡിസംബർ 8, 2014 — അമേരിക്കയും നാറ്റോ സൈന്യവും അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയുടെ നിർദ്ദേശാനുസരണം താലിബാനും അൽ -ഖൈദക്കുമെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചു.
2015-2018 — താലിബാൻ അഫ്ഗനിസ്താൻ്റെ പകുതിയോളം നിയന്ത്രണം കൈക്കലാക്കി.
September 2018 — അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് , താലിബാനുമായി സന്ധി സംഭാഷണത്തിനായി ദൂതനെ അയച്ചു.
2018-2019 — താലിബാൻ തുടർച്ചയായി കാബൂൾ ഗവണ്മെൻ്റുമായി സംഭാഷണത്തിനു തയാറായില്ല.
സെപ്റ്റംബർ 9, 2019 — തുടർച്ചയായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ താലിബാനുമായുള്ള എല്ലാ ചർച്ചകളും ട്രംപ് അവസാനിപ്പിച്ചു.
സെപ്റ്റംബർ 28, 2019 — പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നെങ്കിലും മാസങ്ങളോളം ഫലം വന്നേയില്ല.
നവംബർ 24, 2019 — ട്രംപ് അപ്രതീക്ഷിതമായി അമേരിക്കൻ സൈന്യത്തെ സന്ദർശിക്കാൻ അഫ്‌ഗാനിസ്ഥാനിൽ എത്തി.
ഫെബ്രുവരി15, 2020 — വാഷിംഗ്‌ടൺ തത്ക്കാലികമായി താലിബാനുമായി സന്ധിയിലെത്തി.
ഫെബ്രുവരി 18, 2020 — ഘനി തിരഞ്ഞെടുപ്പിൽ വിജയി ആയെങ്കിലും അബ്ദുള്ളയും വിജയം അവകാശപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെട്ടു.
ഫെബ്രുവരി 29, 2020 — അമേരിക്കയും താലിബാനും തമ്മിൽ ദോഹയിൽ വച്ച് നടന്ന സമാധാന സംഭാഷണത്തിൽ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും പിൻവലിക്കാൻ യു എസ് ഉറപ്പ്.