ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മൂഡ’യുടെ ഓഡിയോ മോഷൻ പോസ്റ്റര്‍ മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ റിലീസ് ചെയ്തു. താരത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.
ഒരു കൂട്ടം പൂച്ചകൾക്കൊപ്പം ഇരിക്കുന്ന ഷെയിൻനിഗത്തെ നോക്കിയിരിക്കുന്ന പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം.