ഡോ. സന്തോഷ് മാത്യു എഴുതുന്നു
പിച്ചാവാരം.. ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടല്‍ കാട്. പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദര്‍ബാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഈ കണ്ടല്‍കാട് തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജില്ലയിലാണ്. പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ നിന്ന് കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ.
2004ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലൊന്നാണ് കടല്ലൂര്‍. എന്നാല്‍ പിച്ചാവാരത്തും പരിസരത്തും ഇതിൻ്റെ ആഘാതം വളരെ കുറവായിരുന്നു. കാരണം മൂവായിരം ഏക്കറിലധികം പരന്നു കിടക്കുന്ന കണ്ടല്‍കാടിൻ്റെ സാന്നിധ്യം തന്നെ. ബംഗാള്‍ ഉള്‍ക്കടല്‍, വെള്ളാര്‍ മുതല്‍ കൊല്ലിഡാം വരെ കയറികിടക്കുന്ന കായലും പരിസരങ്ങളുമാണ് പിച്ചാവാരം എന്ന പേരില്‍ അറിയപ്പെടുന്നത്.
പ്രകൃതി വിഭവങ്ങളുടെ അമൂല്യ കലവറ, അപൂര്‍വ പക്ഷി മൃഗാദികളുടെ വിഹാരകേന്ദ്രം എന്നിവ കൊണ്ട് ഏറെ മനോഹരമാണ് ഇവിടം. പ്രകൃതി സ്‌നേഹികളുടെ ദക്ഷിണേന്ത്യയിലെ പ്രധാന സഞ്ചാര കേന്ദ്രം കൂടിയാണ് പിച്ചാവാരം.
ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ലൊക്കേഷന്‍ എന്ന നിലക്കാണ് പിച്ചാവാരം തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് വാരാന്ത്യങ്ങളില്‍ നൂറ്കണക്കിന് വിനോദ സഞ്ചാരികളിലൂടെയാണ് ഇവിടുത്തെ മഹിമ ലോകമറിയുന്നത്. എംജിആര്‍, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സിനിമകളിലൂടെ പിച്ചാവാരം നമുക്കും പരിചിതമാണ്.
ജലനിരപ്പിൻ്റെ കാര്യത്തില്‍ വളരെയൊന്നും ആഴമില്ലാത്ത ഇവിടുത്തെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ ഇതിലൂടെയുള്ള ബോട്ട് യാത്ര അനുഭവിക്കണം. യന്ത്രബോട്ടുകളും പങ്കായ തോണികളും സഞ്ചാരികളെ കാത്ത് ഇവിടുണ്ട്. തൊട്ടടുത്ത കിള്ളൈ ഗ്രാമത്തിലാവട്ടെ മത്സ്യവിഭവങ്ങളുടെ വ്യത്യസ്ഥ രുചികള്‍ അറിയാം. ഉള്‍ക്കായലില്‍ നിന്ന് പിടിക്കുന്ന അപൂര്‍വ മത്സ്യങ്ങളുടെ വിഭവ സമൃദ്ധമായ രുചികള്‍ ഈ പ്രദേശത്തേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും അടുപ്പിക്കുന്ന ഘടകമാണ്.
1100 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന ഈ കണ്ടല്‍കാട്ടില്‍ നാലായിരത്തിലധികം ചെറുകനാലുകളുണ്ട്. ഉള്‍കനാലുകളില്‍ കൂടിയുള്ള ബോട്ട് യാത്ര മനസ്സിനും ശരീരത്തിനും കുളിര്‍മയേകും.
അപൂര്‍വ പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പ്രദേശം. 177 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷി ഗവേഷകരുടെ ഇഷ്ട കേന്ദ്രമാണ്.
ചെറിയ കനാലുകള്‍, ഉപ്പുകല്ലുകള്‍, ചുണ്ണാമ്പ് പാറകള്‍, ചതുപ്പ്, മണല്‍പ്പരപ്പ് എന്നിങ്ങനെ വൈവിധ്യമായ ഘടനകള്‍ ഉള്ളതാണ് ഈ പ്രദേശം. അപൂര്‍വ പക്ഷികള്‍ എത്തുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. നീര്‍നായകളും അപൂര്‍വ ഉരഗങ്ങളും കൂട്ടത്തോടെ വസിക്കുന്നു. ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള കണ്ടല്‍കാടുകള്‍ ആണ് പിച്ചാവാരത്തുള്ളത്.
മൂവായിരം ഏക്കറില്‍ 1700ലധികം ചെറുതുരുത്തുകള്‍, ജലനിരപ്പാവട്ടെ ശരാശരി നാല് മീറ്റര്‍ ആഴത്തില്‍ മാത്രവും. സ്വച്ഛസുന്ദരമായ പ്രദേശം, നഗര തിരക്കുകളില്‍ നിന്നകന്ന് സ്വച്ഛന്ദമായ അന്തരീക്ഷം തേടുന്നവര്‍ക്ക് കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയേകുന്നതാണ് ഇവിടേക്കുള്ള യാത്ര.
എംജിആറിൻ്റെ ഇദയക്കനിയും മോഹന്‍ലാലിൻ്റെ മാന്ത്രികവും ശരത്കുമാറിൻ്റെ സൂര്യനും തുടങ്ങി പ്രശസ്തങ്ങളായ ഒട്ടേറെ സിനിമകളുടെ ലോക്കഷനാണ് ഈ പ്രദേശം. താമസസൗകര്യങ്ങള്‍ കുറവാണെന്നതാണ് വിനോദ സഞ്ചാരികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. തൊട്ടടുത്തുള്ള ചിദംബരത്താണ് ധാരാളം ലോഡ്ജുകളും ഹോട്ടലുകളുമുള്ളത്.
രാജ്യത്ത് മറ്റെല്ലായിടത്തും കണ്ടല്‍കാടുകളുടെ വിസ്തൃതി കുറയുമ്പോള്‍ ഇവിടെ കൂടുകയാണ്. 2015ലെ കണക്കനുസരിച്ച് 73 ഹെക്ടറില്‍ കൂടി നാട്ടുകാര്‍ കണ്ടല്‍ വെച്ചു പിടിപ്പിച്ചു. സുനാമി സമയത്ത് ഇരമ്പിവന്ന കടല്‍വെള്ളത്തെ തടഞ്ഞ പിച്ചാവാരം കണ്ടല്‍കാട് നൂറുകണക്കിന് മനുഷ്യ ജീവനെയാണ് രക്ഷിച്ചത്. അതുകൊണ്ട് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി(യുഎന്‍എഫ്‌സിസി) പിച്ചാവാരത്തെ മാതൃകാ പ്രദേശമായി പ്രഖ്യാപിച്ചത്.
1750 മുതല്‍ 1940 വരെ ഇവിടം പരിപാലിച്ച തഞ്ചാവൂര്‍ രാജാക്കന്മാര്‍ വരും തലമുറക്ക് കാത്തുവെച്ച അപൂര്‍വ നിധി തന്നെയാണ് എന്തുകൊണ്ടും പിച്ചാവാരം.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
പോണ്ടിച്ചേരി നാഷണല്‍ യൂണിവേഴ്‌സിറ്റി