കേരളത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയ ഇടതുപക്ഷ എംഎല്‍എമാരുടെ നിയമസഭ തല്ലിപ്പൊളിക്കല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. നിയമസഭയിലെ പൊതുമുതല്‍ തല്ലിത്തകര്‍ത്ത കേസില്‍ അക്രമികളായ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി.
കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റേയും പ്രതികളായ എംഎല്‍എമാരുടേയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി. ഇതോടെ തിരുവനന്തപുരം സിജെഎം കോടതിയിലെ കേസിൻ്റെ വിചാരണ പുനഃരാരംഭിക്കും.
നിയമസഭ അംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കിയേ തീരൂ. എംഎല്‍എമാരുടെ പ്രവൃത്തി ഭരണഘടന മാര്‍ഗങ്ങളെ ചവിട്ടി മെതിച്ചു. കേസ് പിന്‍വലിക്കുക എന്നത് പൊതുനീതിയുടേയും നയത്തിൻ്റേയും ലംഘനമാകും.
ക്രിമിനല്‍ നിയമങ്ങളില്‍ നിന്ന് അംഗങ്ങള്‍ക്ക് പരിരക്ഷയും അവകാശങ്ങളും ഇല്ല. ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കാനാകില്ല. എംഎല്‍എമാര്‍ക്ക് പ്രത്യേക നിയമ പരിരക്ഷയോ പ്രത്യേക അവകാശങ്ങളോ ഇല്ല. വിചാരണ കോടതി തീരുമാനം കൃത്യതയോടെ ഉള്ളതാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.