സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകൾക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ കൊച്ചി 90 എഫ് എം സെൻ്റ് തെരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമായി നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങളില്‍ റേഡിയോ എന്ന മാധ്യമത്തിന് വലിയ പങ്ക് വഹിക്കാനാകും. സ്ത്രീ ശാക്തീകരണം എന്ന സെൻ്റ് തെരേസാസ് കോളജ് സ്ഥാപക മദര്‍ തെരേസയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ റേഡിയോ ഉപകരിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
മേയര്‍ എം. അനില്‍ കുമാർ അധ്യക്ഷനായി. ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, റേഡിയോ കൊച്ചി 90 എഫ് എം ഡയറക്ടർ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ ഡോ. ലിസ്സി മാത്യു, എഫ്എം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലത നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.