എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെൻ്റ് തെരേസാസ് കോളജില്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-നാണ് ചടങ്ങ്. ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള റേഡിയോ കൊച്ചി എഫ്എം- ലൂടെ വിവര കൈമാറ്റത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നല്‍കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത പറഞ്ഞു. കൊച്ചി നിവാസികളുടെ ശബ്ദമാകുക എന്നതാണ് റേഡിയോ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.
തീരദേശ പരിപാലനവും അതിൻ്റെ പ്രാധാന്യവും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, ആരോഗ്യം, പോഷണം, ശുചിത്വം, ഊര്‍ജസംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം, നൈപുണ്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളാണ് റേഡിയോ കൊച്ചി 90 എഫ് എം കൈകാര്യം ചെയ്യുക.
റേഡിയോ മാധ്യമ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള സി കെ കൃഷ്ണകുമാര്‍ ആണ് സ്റ്റേഷന്‍ ഡയറക്ടര്‍. ആകാശവാണി ഉള്‍പ്പെടെ വിവിധ റേഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള താനിയ ലൂയിസ് ആണ് പ്രോഗ്രാം ഹെഡ്.