നിർത്തലാക്കിയ ഫോറസ്റ്റ് സ്റ്റേഷനുകൾ പുന:രാരംഭിക്കുന്നത് പരിഗണനയിൽ : മന്ത്രി ശശീന്ദ്രൻ

0

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, പട്ടിക്കാട് റെയ്ഞ്ചുകളിൽ പ്രവർത്തിച്ചിരുന്നതും അടുത്തിടെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലേക്ക് ലയിപ്പിച്ചതുമായ നാല് ഫോറസ്റ്റ് സ്റ്റേഷനുകളെ പഴയരീതിയിലേക്ക് തിരിച്ചുകൊണ്ടു വരുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ.

വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന വനമഹോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പള്ളിക്കൽ ചെമ്പിക്കുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യക്ഷനായിരുന്ന   മന്ത്രി കെ.രാധാകൃഷ്ണൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം മന്ത്രി അറിയിച്ചത്.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വനസംരക്ഷണമാണ് സർക്കാരിൻ്റെ നയമെന്ന് വനം മന്ത്രി പറഞ്ഞു. വന സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കമ്പനിയിൽ നിന്നും വനംവകുപ്പ് തിരികെയെടുത്ത ചെമ്പിക്കുന്ന് പ്രദേശത്തെ 475 ഹെക്ടർ സ്ഥലം പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്തത് ശ്രദ്ധേയമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് സംസാരിച്ചു. വനം മേധാവി പി.കെ.കേശവൻ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ സർക്കിൾ സിസിഎഫ് കെ.എസ്. ദീപ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. ജയശങ്കർ നന്ദിയും പറഞ്ഞു.