ട്വിറ്ററിനെതിരെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്വിറ്ററില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്.
ട്വിറ്ററില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ ട്വിറ്റര്‍ എംഡിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ കത്തയച്ചു.
അതിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനി സ്വീകരിച്ചിട്ടുള്ളതെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളില്‍ നടപടിയെടുക്കുമെന്നും ട്വിറ്റര്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.