വ്യോമസേനയുടെ ജമ്മുവിലെ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്നത് ഇരട്ട സ്‌ഫോടനം. ലോ ഫ്‌ലൈയിങ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങള്‍ക്കെതിരായ ആദ്യത്തെ ഡ്രോണ്‍ ആക്രമണം കൂടിയാണിത്. സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിക്കുന്നത് വ്യോമസേന പട്രോളിങ് സംഘം കണ്ടെന്ന് വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 5 മിനിട്ടിനുള്ളിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ആദ്യത്തെ സ്‌ഫോടനം പുലര്‍ച്ചെ 1.37നായിരുന്നു. വ്യോമസേന കേന്ദ്രത്തിന്റെ മേല്‍ക്കൂര സ്‌ഫോടനത്തില്‍ തകര്‍ന്നു. രണ്ടാമത്തേത് പുലര്‍ച്ചെ 1.42നായിരുന്നു. സ്‌ഫോടനം സ്ഥിരീകരിച്ച് വ്യോമസേന ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവെന്നും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
ഹെലിപാഡ് ഏരിയയില്‍ നിന്നാണ് ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്ന് വ്യോമസേന കരുതുന്നു. വിമാനങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നതായി സേന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് എന്‍എസ്ജിയുടെ ബോംബ് ഡാറ്റ ടീമും എന്‍ഐഎ സംഘവും വ്യോമസേന കേന്ദ്രത്തിലെത്തി.