വാരാന്ത്യ ലോക്ക്ഡൗണ്‍: ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന അനുമതിയില്ല

0

സംസ്ഥാന ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്ക് അനുമതി ഇല്ല. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതിനാലാണ് അനുമതി നല്‍കാന്‍ കഴിയാത്തതെന്ന് കൊവിഡ് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഇതിന് അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നതിനാലാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്.

ചൊവ്വാഴ്ച നടക്കുന്ന അടുത്ത അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ആലോചിക്കും. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നിലവില്‍ പരിഗണിച്ചിട്ടില്ല.