പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തി ലക്ഷങ്ങള്‍ സ്വന്തമാക്കി സിപിഎം നേതാക്കള്‍. ഫണ്ട് വെട്ടിപ്പ് നടത്തിയ കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വിശദീകരിക്കാനാവാതെ നേതാക്കളും പാര്‍ടിയും.
തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗം നിഥിന്റെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറിയത് കണ്ടെത്തിയതാണ് പുതിയ സംഭവം. പ്രളയ ദുരിതാശ്വാസമെന്ന പേരിലാണ് തുക കൈമാറിയത്. എന്നാല്‍ ഇതിനായി നിഥിന്‍ ഒരു രേഖ പോലും സമര്‍പ്പിച്ചിട്ടില്ലെന്ന് കലക്ടര്‍ കണ്ടെത്തി. ശക്തമായ നടപടി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് ലേക്കല്‍ കമ്മിറ്റി കേന്ദ്രീകരിച്ച് വന്‍ വെട്ടിപ്പാണ് നടന്നിട്ടുള്ളത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വറിന്റെ അക്കൗണ്ടിലേക്ക് 10.54 ലക്ഷം വക മാറ്റിയിരുന്നു. ഈ സംഭവത്തില്‍ ദുരിതാശ്വാസ വകുപ്പിലെ ക്ലര്‍ക്കും സിപിഎം അനുഭാവിയുമായ വിഷ്ണുദാസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിന് താന്‍ അപേക്ഷിച്ചിട്ടില്ലെന്നും പണം വന്നത് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചത് എന്തിനാണെന്ന ചോദ്യം ബാക്കിയാവുന്നു. പ്രളയത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നാല്‍ പോലും ലഭിക്കുക നാല് ലക്ഷമാണെന്നിരിക്കെയാണ് സിപിഎം നേതാവിന് 10.54 ലക്ഷം രൂപ കൈമാറിയത്. സിപിഎം നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ കൈമാറി കിട്ടുമ്പോള്‍ തന്നെയാണ് ആദ്യഘട്ട സഹായമായ പതിനായിരം പോലും കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്.