വിമര്‍ശനം തള്ളി പ്രഫുല്‍ പട്ടേല്‍, ലക്ഷ്യം വികസനം മാത്രം

0

ഒരു വര്‍ഗീയ അജണ്ടയുമില്ല, ലക്ഷ്യം ലക്ഷദ്വീപിൻ്റെ സമഗ്ര വികസനം മാത്രമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണ മൂലമെന്നും പ്രഫുല്‍ പട്ടേല്‍.

ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി മാറ്റും. ഇന്ത്യയുടെ മാലദ്വീപായി ലക്ഷദ്വീപ് മാറും. ഇതുവരെ ഇവിടെ ഭരിച്ചിരുന്നവര്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കുകയും വികസനം അവഗണിക്കുകയും ചെയ്തു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗോമാംസ വില്‍പ്പനയില്ല. അത് ഇവിടെയും നടപ്പാക്കി. ബീഫ് നിരോധിച്ചു എന്നതെല്ലാം വെറും തെറ്റായ പ്രചാരണം മാത്രമാണ്.

പുതിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമം നിലവിൽ വരുമ്പോള്‍ സത്രീ ശാക്തീകരണം നടപ്പാവും. വനിതകള്‍ക്ക് 50 ശതമാനം സംവരണം ഉണ്ടാകും. നിലവില്‍ രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ല. ഈ നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ട്.

ദ്വീപ് പൂര്‍ണമായും കുറ്റവിമുക്തമാണ് എന്നത് സത്യമല്ല. അനധികൃത മദ്യവ്യാപാരവും മയക്കുമരുന്ന് കടത്തുമെല്ലാം വന്‍തോതില്‍ നടക്കുന്നുണ്ട്. നിയമപരമായി വിറ്റഴിച്ചാല്‍ അനധികൃത മദ്യ ഇടപാട് ഇല്ലാതാകും. ഗുണ്ട ആക്ട് അവിടെ സമാധാനം ഉറപ്പുവരുത്താനാണ്. 70 വര്‍ഷമായി വികസനം കൊണ്ടുവരാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്.

ദ്വീപിലേക്ക് ലോകമെമ്പാട് നിന്നും വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും. വനിതകള്‍ക്കും ദരിദ്രര്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കും. അഗത്തി വിമാനത്താവളം നവീകരിക്കും. വാട്ടര്‍ വില്ലകള്‍ വികസിപ്പിക്കും.

ദ്വീപുകളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തും. മത്സ്യ സമ്പത്ത് സംരക്ഷിക്കുകയും മത്സ്യമേഖലയിലെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേരെ നടപടികള്‍ കൊണ്ടുവരും. നഴ്‌സിങ്ങ്, പാരമെഡിക്കല്‍ കോളേജുകള്‍ തുറക്കും. ദ്വീപുകളില്‍ പോളിടെക്‌നിക്കുകളും ആരംഭിക്കും. ഔഷധ ഗുണമുള്ള കടല്‍പ്പായല്‍ ശേഖരിക്കാന്‍ സ്ത്രീ സ്വയം സഹായ സംഘം രൂപീകരിക്കും.

കവരത്തി, അഗത്തി, മിനിക്കോയി ദ്വീപുകളില്‍ ആധുനിക ആശുപത്രികള്‍ സ്ഥാപിക്കും. ഓക്‌സിജന്‍ നിര്‍മാണ യൂണിറ്റും ്അടിയന്തര പ്രാധാന്യത്തോടെ സ്ഥാപിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍.