HomeKeralaപ്രതിപക്ഷ നേതാവിനെ ഇന്ന് തീരുമാനിക്കും

പ്രതിപക്ഷ നേതാവിനെ ഇന്ന് തീരുമാനിക്കും

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് തീരുവനന്തപുരത്ത് നടക്കും. ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭകക്ഷി യോഗം നടക്കുക.

രമേശ് ചെന്നിത്തലയുടേയും വിഡി സതീശന്റെയും പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് എഐസിസിയെ അറിയിച്ചതോടെ പ്രതിപക്ഷ നേതാവായി തുടരാനുള്ള നീക്കത്തിലാണ് രമേശ് ചെന്നിത്തല. എന്നാല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറ മാറ്റം ആവശ്യപ്പെടുന്ന യുവനേതാക്കള്‍ ഉള്‍പ്പടെ വിഡി സതീശന്റെ പേരാണ് ഉയര്‍ത്തുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പിടി തോമസിന്റെയും പേരുകള്‍ മുന്നോട്ട് വന്നെങ്കിലും പദവിക്കായി എ ഗ്രൂപ്പ് നിര്‍ബന്ധം പിടിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭ കക്ഷി നേതൃസ്ഥാനത്തും സംഘടന തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം തന്നെ പലരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയ്യാറാകുമ്പോള്‍ പ്രതിപക്ഷ നേതൃനിരയിലും പുതുമുഖങ്ങള്‍ വേണമെന്ന ചിന്ത ഹൈക്കമാന്റിനും ഉണ്ടെന്നാണ് സൂചന. ഗ്രൂപ്പ്, സമുദായ സമവാക്യങ്ങള്‍ക്കപ്പുറം സംഘടനയെ ചലിപ്പിക്കാനും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുമായി ഉതകുന്ന തരത്തില്‍ കേരളത്തില്‍ പൊളിച്ചെഴുത്തിന് കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

അതെസമയം, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷ രമേശ് ചെന്നിത്തലയും കൈവിട്ടിട്ടില്ല. കെപിസിസി ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് നിയമസഭ കക്ഷിയോഗം ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്ന ഹൈക്കമാന്റ് നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റക്ക് ചര്‍ച്ച നടത്തും. ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമാകും.

Most Popular

Recent Comments