HomeKeralaകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലേർട്ട്

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണം.

2021 മെയ് 17 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

2021 മെയ് 18 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്

Most Popular

Recent Comments