കോവിഡ് മഹാമാരിയ്ക്കെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോൾ അതിനെതിരെയുള്ള പോരാട്ടത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേരുന്നു.
നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറയുകയാണ്. രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്സുമാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ് എന്നുള്ളത് ആതുരശുശ്രൂഷ രംഗത്ത് എത്രമാത്രം നിർണായകമാണ് അവരുടെ സ്ഥാനമെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുകയാണ്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്.
ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ അവിടെ നഴ്സ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ മരണപ്പെട്ട വാർത്ത നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയ സന്ദർഭം കൂടെയാണിത്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുകയാണ്. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ എന്ന് ഈ സംഭവം നമ്മെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. സമൂഹമെന്ന നിലയിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതൽ പിന്തുണ നഴ്സുമാർക്ക് നമ്മൾ നൽകേണ്ടതുണ്ട്. ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ആ സന്ദേശം എല്ലാവരുമായി പങ്കുവയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.