മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തമിഴ്‌നാട് ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്നണി പോരാളികളായി ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി എല്ലായിടങ്ങളിലും എത്താന്‍ നിര്‍ബന്ധിതരായ മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യസുരക്ഷക്ക് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കണമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനല്‍ ചീഫ് റീപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് കൊച്ചിയില്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 42 വയസ് പ്രായമുള്ള വിപിന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അന്തരിച്ചത്. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച വിപിന്‍ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.