ബിജെപി വോട്ട് ചോര്‍ച്ച, കിട്ടിയത് യുഡിഎഫിനോ എല്‍ഡിഎഫിനോ

0

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ ചര്‍ച്ചയായി ബിജെപിയിലെ വോട്ട് ചോര്‍ച്ച. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞപ്പോഴാണ് രാഷ്ട്രീയ കേരളം വിഷയം ചര്‍ച്ചയാക്കിയത്.

ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നു എന്നാണ് ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനുള്ള കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. 90 മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞു. ഇതെല്ലാം യുഡിഎഫിലേക്കാണ് പോയത്. ഈ വോട്ടു കൂടി ഇല്ലായിരുന്നെങ്കില്‍ യുഡിഎഫിൻ്റെ പരാജയം ഇതിലും ദയനീയമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ല്‍ ബിജെപിയ്ക്ക് ഉണ്ടായിരുന്ന വോട്ടില്‍ നിന്ന് രണ്ട് ശതമാനം വോട്ട് കാണാനില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിൻ്റെ പൊരുള്‍. ഈ രണ്ടു ശതമാനത്തോളം വോട്ടുകള്‍ പൂര്‍ണമായി യുഡിഎഫിലേക്ക് ഒഴുകി. നേതൃത്വത്തിൻ്റെ അറിവോടെ നടന്ന ഈ ഇടപാടിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തി.

ഇതോടെ രാഷ്ട്രീയ കേരളം ബിജെപി വോട്ട് ചോര്‍ച്ചയുടെ കണക്കെടുപ്പ് ആരംഭിച്ചു. എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞ പ്രാവശ്യം (2016) ലഭിച്ചത് 14.65 ശതമാനം വോട്ടുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഇക്കുറി 2021 ല്‍ അത് 12.53 ശതമാനമായി കുറഞ്ഞു. ബിജെപി മാത്രമാണെങ്കില്‍ അത് 11.3 ശതമാനമാണ്.

യുഡിഎഫിന് 2016ല്‍ കിട്ടിയത് 38.8 ശതമാനം വോട്ടാണ്. ഇക്കുറി തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും 39.47 ശതമാനമായി ഉയര്‍ന്നു. അതായത് അവരുടെ ജനപിന്തുണ തോറ്റിട്ടും കൂടിയെന്ന് സാരം. ഏതാണ്ട് 0.67 ശതമാനത്തിൻ്റെ വളര്‍ച്ച.

എല്‍ഡിഎഫിന് 2016ല്‍ കിട്ടിയത് 43.42 ശതമാനം വോട്ടാണ്. ഇക്കുറി അത് 45.43 ശതമാനമായി ഉയര്‍ന്നു. അതായത് 2 ശതമാനം വളര്‍ച്ച.

ബിജെപിയില്‍ നിന്ന് ഒഴുകിപ്പോയ രണ്ട് ശതമാനത്തോളം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചെങ്കില്‍ അവരുടെ വോട്ടിംഗ് ശതമാനം 41 ശതമാനത്തോളം വരുമായിരുന്നു. എന്നാല്‍ യുഡിഎഫിൻ്റെ വളര്‍ച്ച കേവലം 0.67 ശതമാനം മാത്രമാണ്. കിട്ടിയത് 39.47 ശതമാനം. എന്നാല്‍ എല്‍ഡിഎഫിൻ്റെ വോട്ടിലാണ് രണ്ട് ശതമാനം വളര്‍ച്ച കണക്കില്‍ കാണുന്നത്.

അതായത് ഒന്നുകില്‍ ബിജെപി വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിലേക്ക് ഒഴുകി. അല്ലെങ്കില്‍ അര ശതമാനം യുഡിഎഫിലേക്കും ഒന്നര ശതമാനം എല്‍ഡിഎഫിലേക്കും വന്നു. ഇത് പ്രചാരണമാകാതിരിക്കാനുള്ള തന്ത്രമായിരുന്നോ ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നാണ് ഇപ്പോള്‍ കരുതുന്നത്. ചര്‍ച്ച ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് എന്നാക്കി വിഷയം വഴിതിരിച്ചു വിടുക. എന്നാല്‍ പറഞ്ഞത് ബുമറാങ്ങായി തിരിച്ചു വരുമെന്നാണ് പ്രമുഖ നേതാക്കള്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു കൊടുക്കും എന്ന ആരോപണം തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്നതാണ്.

പരാജയത്തിൻ്റെ തളര്‍ച്ചയില്‍ പതറിയപ്പോയ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് വിവരം. എന്തായാലും വരും ദിവസങ്ങളില്‍ ബിജെപി വോട്ട് ചോര്‍ച്ച തന്നെയാകും പ്രധാന ചര്‍ച്ച.