രോഗികള്‍ വര്‍ധിച്ചു; കൊവിഡ് സെന്ററാക്കി മാറ്റി ഗ്രീന്‍പാര്‍ക്ക് മസ്ജിദ്

0

ക്രമാതീതമായി കൊവിഡ് രോഗികള്‍ കൂടിയതോടെ മസ്ജിദിനെ കൊവിഡ് സെന്ററാക്കി മാറ്റി. ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മസ്ജിദാണ് ആശുപത്രികളില്‍ ഇടമില്ലാതെ നട്ടംതിരിയുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാസാമായിരിക്കുന്നത്. പത്ത് ബെഡുകളാണ് മസ്ജിദില്‍ ഒരുക്കിയിട്ടുള്ളത്.

രോഗികള്‍ക്ക് മരുന്നുകളും, പിപിഇ കിറ്റുകളും, സാനിറ്ററൊസറുകള്‍ എന്നിവയും മസ്ജിദില്‍ ലഭ്യം. ഡോക്ടറുടെ കുറിപ്പടിയോടെ ഇവിടെ രോഗികളെ അഡ്മിറ്റ് ചെയ്യാം. രോഗികള്‍ക്ക് വേണ്ട ഭക്ഷണവും നല്‍കുന്നുണ്ടെന്നും മസ്ജിദിന്റെ മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

32.8 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ മാത്രം 395 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 24,235 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതെസമയം, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കൊവിഡിനെതിരെ പോരാട്ടമല്ല, മറിച്ച് യുദ്ധമാണ് നടക്കുന്നതെന്നും ഡല്‍ഹി ഹൈക്കോടതി പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണമില്ലാത്ത പ്രതിസന്ധിയില്ല ഉള്ളതെന്നും ഭരണപരാജയമാണ് നിലവിലെ അവസ്ഥക്ക് കാരണമായതെന്നും കോടതി തുറന്നടിച്ചു.