ഇരട്ട വോട്ട്; ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്ത്

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് പട്ടികയില്‍ കണ്ണൂരിലെ ഇരട്ട സഹോദരങ്ങളും. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരങ്ങള്‍ പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കിയത്. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും, ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയുമാണ് പരാതി നല്‍കിയത്.

ഇരട്ട വോട്ട് പട്ടികയില്‍ കഴക്കൂട്ടം മണ്ഡലത്തിലെ ഇരട്ട സഹോദരങ്ങളും ഉള്‍പ്പെട്ടിരുന്നു. വലിയവേളി സ്വദേശികളായ ലിന്‍ ആര്‍ പെരേരയും ലിനി ആര്‍ പെരേരയുമാണ് പട്ടികയിലുണ്ടായിരുന്നത്. പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനണ് ഇരുവരുടേയും തീരുമാനം.

എന്നാല്‍, സംസ്ഥാന വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധാരണ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് കണ്ടെത്താന്‍ വേണ്ടി ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്കയച്ചു. ബിഹാര്‍ സിഇഒ എച്ച് ആര്‍ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്. ഒരു സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മറ്റൊരു സംസ്ഥാനത്തൈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകുന്നത് അപൂര്‍വമായ കാര്യമാണ്.

കമ്മീഷന്റെ ഐടി സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. 26ന് തിരുവനന്തപുരത്ത് വന്ന സംഘം വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ജില്ല കളക്ടര്‍മാര്‍ വഴി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ 38,000 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട പട്ടികയില്‍ നാലര ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന് പറയുന്നു.