മുഖ്യമന്ത്രി പൂർണ്ണ പരാജയം

0
കേരളചരിത്രത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഈ അഴിമതികളുടെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് മുഖ്യമന്ത്രിയിലുമാണ്. അഴിമതിയുടെ തലവനാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
ഭരണരംഗത്ത് പിണറായി പൂര്‍ണ്ണ പരാജയമാണ്. അദ്ദേഹം നേരിട്ട് ഭരിച്ച പൊലീസ് വകുപ്പ് കുത്തൊഴിഞ്ഞ നിലയിലായിരുന്നു. അഴിമതിയും അക്രമങ്ങളും മുമ്പ് ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ പൊലീസിലുണ്ടായി.
മാവോയിസ്റ്റുകളായ എട്ടുപേരെയാണ് വ്യാജഏറ്റുമുട്ടലുകളിലൂടെ പിണറായിയുടെ പൊലീസ് വെടിവച്ചു കൊന്നത്. രോഗികളും വൃദ്ധരും സ്ത്രീകളും ഉള്‍പ്പെയുള്ള മാവോയിസ്റ്റുകളെപ്പോലും വെറുതെ വിട്ടില്ല. നിഷ്‌കരുണമുള്ള കൊലപാതകങ്ങളാണിവയെന്ന് സി.പി.ഐ പോലും വിമര്‍ശിച്ചു. കേന്ദ്ര ഫണ്ട് തട്ടാനുള്ള കൊലപാതകങ്ങളാണ് ഇതെന്നും  സി.പി.ഐ പറഞ്ഞില്ലേ? ഈ മാവോയിസ്റ്റുകളെ കൊല്ലാതെ ജീവനോടെ പിടികൂടാമായിരുന്നില്ലേ?
കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ ശൈലിയില്‍ കൗമാരപ്രായക്കാരായ അലന്‍, താഹ എന്നിവരെ യു.എപി.എ ചുമത്തി ജയിലിലടച്ചതാണ് മറ്റൊന്ന. ഒരു മനുഷ്യനെയും ഒരു പോറലും പോലും ഏല്പിക്കാത്ത കുട്ടികളാണിവര്‍. സ്‌കൂളില്‍ കുട്ടികളായിരുന്നപ്പോള്‍ തന്നെ  അവര്‍ മാവോയിസ്റ്റുകളായിരുന്നെന്നാണ് പിണറായിയുടെ പൊലീസ് കണ്ടെത്തിയത്. വന്ദ്യവയോധികനായ വികാരി സ്‌കാന്‍ സ്വാമിയെ നരേന്ദ്രമോദി ജയിലടച്ചപ്പോള്‍ ഒരു കുറ്റവും ചെയ്യാത്ത രണ്ടു കൗമാരക്കാരെ പിണറായി സര്‍ക്കാര്‍ ജയിലിലടച്ചു.
ശബലിമലയിലെ കോടതി വിധിയുടെ മറവില്‍ പുണ്യഭൂമിയായ ശബരിമലയില്‍ പൊലീസ് നടത്തിയത് തേര്‍വാഴ്ച.
ശബരിമലയില്‍ പൊലീസ് നടത്തിയ മൂന്ന് കാര്യങ്ങള്‍:
(ഒന്ന്) ആചാരലംഘനത്തിനായി ഒരു വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പൊലീസ് ഐജി.
(രണ്ട്) സന്നിധാനത്ത് 144 പ്രഖ്യാപിച്ച് ഭക്തജനങ്ങളെ കണ്ണീരിലാഴ്ത്തി.
 (മൂന്ന്) പൊലീസിലെ രാഷ്ട്രീയഅനുകൂലികളെ ഉപയോഗിച്ച് യുവതികളായ രണ്ട് ആക്ടിവിസ്റ്റുകളെ ഗൂഢമാര്‍ഗ്ഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. അവിടെ തന്ത്രിയും മറ്റും ഉപയോഗിക്കുന്ന സ്റ്റാഫ് ഗേറ്റു വഴി സന്നിധാനത്ത് കയറ്റി.
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിഎന്ന അഭിമാനത്തോടെ മാധ്യമങ്ങളോട് പ്രഖ്യാപിച്ചത് ആരാണ്?
എത്രയെത്ര നിസ്സഹായരായ മനുഷ്യരാണ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്? വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാര്‍, തുടങ്ങി മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍പോലും കസ്റ്റഡിമരണമുണ്ടായി. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടിയെടുക്കുകയും ജനരോഷം തണുത്തെന്ന് കണ്ടപ്പോള്‍ പ്രമോട്ട്ചെയ്യുകയുമാണ് ചെയ്യുന്നത്.
വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ കേസ് അട്ടിമറിച്ചത് പൊലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു. ആ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ല അവര്‍ക്കും കിട്ടി പ്രമോഷന്‍.
പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഏത് മാധ്യമപ്രവര്‍ത്തകനെതിരെ എവിടെ വച്ചും കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ശ്രമിച്ചതും പിണറായി സര്‍ക്കാരാണ്. പ്രതിപക്ഷവും, പൊതുസമൂഹവും എതിര്‍ത്തിട്ടും കരിനിയമത്തിന്റെ നിര്‍മ്മാണവുമായി പിണറായി മുന്നോട്ടു പോയി. ദേശീയതലത്തില്‍ തിരിച്ചടി ഉണ്ടാകുന്നു എന്ന് കണ്ടപ്പോഴാണ് അതില്‍നിന്ന് പിന്തിരിഞ്ഞത്. അതിന് മുന്‍പ് മുഖ്യമന്ത്രിയും നിയമമന്ത്രിയും  ആ നിയമ ഭേദഗതിയെ പരസ്യമായി ന്യായീകിച്ചു.
പൊലീസിന്റെ തലപ്പത്ത് വന്‍അഴിമതിയാണ് നടമാടിയത്. അവ ഓരോന്നായി സി.എ.ജി അക്കമിട്ട് നിരത്തി. പൊലീസ് തലപ്പത്ത് നടത്തിയ 151 കോടി രൂപയുടെ പര്‍ച്ചേസില്‍ അടിമുടി  അഴിമതിയായിരുന്നു.   ഇതു സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതാണ്. എന്നിട്ടും  എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിച്ചോ? അഴിമതിക്കാര്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
മകന്റെ അസ്വാഭാവികമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ പാമ്പാടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡില്‍ വലിച്ചിഴച്ചു.
രാഷ്ട്രീയ കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ പൊലീസിനെ ഉപകരണമാക്കി. പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതിതന്നെ രൂക്ഷമായി വിമര്‍ശിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ നീതി ലഭിക്കുന്നത് അസാദ്ധ്യമാക്കി. എസ്.ഐ. ആണോ, സി.ഐ.ആണോ ഒരോ കാര്യവും തീരുമാനിക്കേണ്ടത് എന്നതിലെ തര്‍ക്കം തീരുന്നില്ല. എസ്എച്ച്ഒ സി.ഐ. പരിഷ്‌കരണം പൊലീസിന്റെ അടിത്തട്ടില്‍ കടുത്ത നിരാശ ഉണ്ടായി.
നിരവധി കേസുകള്‍ ആവിയായി. ഉദാഹരണം. (ഒന്ന്) ട്രഷറി തട്ടിപ്പ് കേസ് (രണ്ട്) വെള്ളപ്പൊക്ക ദുരിതാശ്വാസതട്ടിപ്പ് (മൂന്ന്) സോളാര്‍ നായികയുടെ നിയമനത്തട്ടിപ്പ്.
യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതികളായ പി.എസ്.സി. പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നല്‍കാതെ പ്രതികളെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചു.
ഇവ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ ലക്കും ലഗാനുമില്ലാതെയായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം. നാടുനീളെ ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടായി. സ്ത്രീകള്‍ ഇത്രയേറെ അക്രമിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല.
ആഭ്യന്തര വകുപ്പ് ഭരണം പൂര്‍ണ്ണമായി പരാജയപ്പെട്ടെങ്കിലും  പി.ആര്‍. ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ വ്യാജപ്രതിഛായ ഊതിപ്പെരുക്കുകയാണ്.
പക്ഷേ, നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട്.
2018 ലെ മഹാപ്രളയം
————-
1. 2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയതാണ്.  ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയ്ടൂട്ട് ഓഫ് സയന്‍സും (ഐ.ഐ.എസ്.സി) ശാസ്ത്രീയപഠനങ്ങളിലൂടെ അത് ശരിവച്ചിരിക്കുകയാണ്.
2. നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തി ചേര്‍ന്നിരുന്നു.
3. കനത്ത മഴയില്‍ മുന്നൊരുക്കങ്ങളില്ലാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതും ഡാമുകളിലെ വെള്ളം മാനേജ് ചെയ്യുന്നതിലുണ്ടായ പിഴവുമാണ് ഈ വന്‍ദുരന്തത്തിന് കാരണമെന്നത് ഇപ്പോള്‍ പഠനങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്.
4. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേര്‍ ഭവനരഹിതരാവുകയും 433 പേര്‍ മരിക്കുകയും ചെയ്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് തെളിഞ്ഞിരിക്കുന്നു.
5. അന്ന് ഞാന്‍ ഈ വസ്തുത പുറത്തുകൊണ്ടുവന്നപ്പോള്‍ ആദ്യം ആരും വിശ്വസിച്ചില്ല. എന്നെ വല്ലാതെ കുറ്റപ്പെടുത്തി മുഖപ്രസംഗങ്ങളെഴുതുകയും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്ത മാധ്യമങ്ങളുണ്ട്. ഞാന്‍ ചൂണ്ടിക്കാട്ടിയത് പൂര്‍ണ്ണമായും ശരിയാണെന്ന് പിന്നീട് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിഞ്ഞു.
6. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ അടിത്തറ തകര്‍ത്തമഹാപ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അ ന്വേഷണം പ്രഖ്യാപിക്കണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.