ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ പുറത്തിറക്കി. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.
വിഷുവിനുള്ള ഭക്ഷ്യ കിറ്റും മേയ് മാസത്തെ സാമൂഹിക പെന്‍ഷനും വോട്ടെടുപ്പിനു തൊട്ട് മുമ്പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കമ്മീഷനു പരാതി നല്‍കിയത്. രണ്ടും ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.