HomeIndiaമമതയോട് ഏറ്റുമുട്ടാന്‍ സിപിഎം സ്ഥാനാര്‍ത്ഥി മീനാക്ഷി മുഖര്‍ജി

മമതയോട് ഏറ്റുമുട്ടാന്‍ സിപിഎം സ്ഥാനാര്‍ത്ഥി മീനാക്ഷി മുഖര്‍ജി

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥി മീനാക്ഷി മുഖര്‍ജി. ബംഗാളില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റാണ് മീനാക്ഷി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മുമ്പ് മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുമാണ്.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ 40 വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷും സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ട്. ജാമുരിയില്‍ നിന്നാണ് ഐഷെ ജനവിധി തേടുന്നത്. ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ദിപ്‌സിത ദറും മത്സരരംഗത്തുണ്ട്.

മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സിംഗൂരിലേയും നന്ദിഗ്രാമിലേയും പ്രതിഷേധങ്ങളാണ്. 2007ല്‍ നന്ദിഗ്രാമിലുണ്ടായ പൊലീസ് വെടിവെപ്പില്‍ അന്ന് 14 പേരാണ് കൊല്ലപ്പെട്ടത്. 1977 മുതല്‍ നന്ദിഗ്രാമില്‍ അധികാരത്തിലുണ്ടായിരുന്ന സിപിഎമ്മിന്റെ തകര്‍ച്ചയുടെ ആരംഭവും അവിടെ നിന്നുമാണ് തുടങ്ങിയത്. 2011ലും 2016ലും മമത സര്‍ക്കാര്‍ ഊജ്വല വിജയം നേടിക്കൊണ്ടാണ് ബംഗാളില്‍ അധികാരത്തിലേറിയത്. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറി എന്നതാണ് 2021ലെ പ്രത്യേകത.

‘നന്ദിഗ്രാമിന് പരദേശിയെ വേണ്ട’ എന്നതാണ് ബിജെപിയുടെ പ്രചാരണ മന്ത്രം. ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നേതാക്കള്‍ക്കെതിരെ മുമ്പ് തന്നെ തൃണമൂല്‍ നേതാക്കള്‍ പരദേശി പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതേ തന്ത്രം മമത മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ തിരിച്ച് പ്രയോഗിച്ചിരിക്കുകയാണ് ബിജെപി. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് നടക്കുക.

അതെസമയം നന്ദിഗ്രാമില്‍ തനിക്കെതിരെ വരത്തന്‍ പ്രയോഗം ഉന്നയിക്കുന്നവര്‍ നന്ദിഗ്രാമില്‍ നടന്ന സമരത്തെ അതുവഴി നിന്ദിക്കുകയാണെന്നും വര്‍ഗീയത ഉണ്ടാക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. തന്നെ അമ്പതിനായിരം വോട്ടിന് പരാജയപ്പെടുത്തിയില്ലെങ്കില്‍ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് മമത ആവശ്യപ്പെട്ടു.

294 ംഗ ബംഗാള്‍ നിയമസഭയിലേക്ക് 8 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് വോട്ടെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കും.

Most Popular

Recent Comments