ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പടെയുള്ള പണം വെച്ച് കളിക്കുന്ന എല്ലാം ഇനി കേരള ഗെയിമിങ് ആക്ടിൻ്റെയും പരിധിയില്‍ വരും. അതോടു കൂടി ഇവക്ക് നിയന്ത്രണങ്ങളും ഉണ്ടാകും. ഓണ്‍ലൈൻ റമ്മി നിയന്ത്രിച്ച് കൊണ്ട് വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പോതു താല്പര്യ ഹര്‍ജിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി ഉണ്ടായത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലുള്ളവര്‍ ഓണ്‍ലൈന്‍ റമ്മി സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടതായി വരും. ഓണ്‍ലൈന്‍ റമ്മി കളിച്ച് 23 ലക്ഷത്തോളം കടം വരുത്തിവെച്ച് യുവാവ് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഓൺ ലൈന്‍ റമ്മി കളി വര്‍ധിക്കുകയും നിരവധി പേര്‍ക്ക് പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.