ഫെബ്രുവരി 21, അന്നാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ മാതൃഭാഷാ ദിനമായി (international mother language day) ആചരിച്ചുവരുന്നത്. 2017ലെ മാതൃദിനത്തിൻ്റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നതാകട്ടെ സുസ്ഥിര വികസനം ബഹുഭാഷാ വിദ്യാഭ്യാസത്തിലൂടെ (Towards sustainable future multilanguage education) എന്നതാണ്. 199ലെ യുനെസ്‌ക്കോ തീരുമാനമനുസരിച്ച് 2000 മുതലാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്.
ഫെബ്രുവരി 21 തന്നെ തെരഞ്ഞൈടുക്കുന്നതിനുള്ള കാരണമാകട്ടെ മാതൃഭാഷാവകാശം സ്ഥാപിച്ചെടുക്കാന്‍ 1952 ല്‍ അവിഭക്ത പാക്കിസ്താനിലെ കിഴക്കന്‍ പ്രദേശക്കാര്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) നടത്തിയ പോരാട്ടത്തിലെ കറുത്തദിനം ഓര്‍മിക്കുന്നതിനും കൂടിയാണ്. അവിഭക്ത പാക്കിസ്താനിലെ 54.1 % ജനങ്ങളും കിഴക്കന്‍ പാക്കിസ്താനില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇസ്ലാം എന്ന സ്വത്വം മാറ്റിനിര്‍ത്തിയാല്‍ ഭാഷാ – സാംസ്‌ക്കാരിക -വംശീയ – ഭൂമിശാസ്ത്രപരമായ ഒരുപാട് വൈരുദ്ധ്യങ്ങള്‍ തെക്കന്‍ പാക്കിസ്താനും കിഴക്കന്‍ പാക്കിസ്താനും തമ്മിലുണ്ടായിരുന്നു. ഇതിനിടയിലേക്കാണ് തങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരുന്ന ബംഗാളി ഭാഷയെ മാറ്റിനിര്‍ത്തി ഇസ്ലാമാബാദ് ഭരിക്കുന്നവര്‍ ഉറുദുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്.
കിഴക്കന്‍ ബംഗാളിൻ്റെ തലസ്ഥാനമായ ധാക്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടുകയും പ്രക്ഷോഭം അഴിച്ചുവിടുകയുമായിരുന്നു. ധാക്ക സര്‍വകലാശാല, ജഹാഗീര്‍ യൂണിവേഴ്‌സിറ്റി, ധാക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ വടക്കന്‍ പാക്കിസ്താന്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. നിരവധി ജീവന്‍ നഷ്ടപ്പെട്ട പട്ടാള നടപടിയില്‍ വിദ്യാര്‍ഥി നേതാക്കളായ അബ്ദും സല്‍മാന്‍, റഫീഖുദ്ദീന്‍ അഹമ്മദ്, അബ്ദുല്‍ ബള്‍ഖദ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവരും രക്തസാക്ഷികളായി. 1952 ഫെബ്രുവരി 21ന് നടന്ന ഈ ഭാഷാ പ്രക്ഷോഭം അന്തിമമായി വിജയിക്കുകയും ഉറുദുവിനൊപ്പം ബംഗാളിയും അവിഭക്ത പാക്കിസ്താൻ്റെ മാതൃഭാഷയായി തീരുകയും ചെയ്തു.
നവജാത ശിശു മുലപ്പാലിനൊപ്പം നുണഞ്ഞ് സ്വായത്തമാക്കുന്നതാണ് മാതൃഭാഷയും. എന്നാല്‍ ഇന്ന് അനവധി ഭാഷകള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോവുകയാണ്. അത്തരം ഭാഷകളുടെ സംരക്ഷണത്തിനുള്ള ഊന്നലാണ് യുനെസ്‌ക്കോയുടെ ആഭിമുഖ്യത്തിലുള്ള ഈ ദിനാചരണം.
ഏതാണ്ട് 3000 ത്തിലധികം ഭാഷകള്‍ വംശനാശത്തിലാണിന്ന്. 1950 ന് ശേഷം മാത്രം ലോകത്ത് നിലവിലുണ്ടായിരുന്ന 230 ഭാഷകള്‍ ഭൂമുഖത്ത് നിന്ന് തന്നെ മാഞ്ഞു. യുനെസ്‌ക്കോയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഐരീന ബൊക്കാവോയുടെ നേതൃത്വത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഭാഷകളുടെ സംരക്ഷണത്തിനായി നിരവധിയായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിലൊന്നാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ സ്ഥിതി ചെയ്യുന്ന international mother language institute.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലും മാതൃഭാഷ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നുണ്ട്. 2008ല്‍ അന്തര്‍ദേശീയ ഭാഷാ വര്‍ഷമായി തന്നെ ആചരിച്ചും മണ്‍മറഞ്ഞു പോകുന്ന ഭാഷകളെ നിലനിര്‍ത്താന്‍ ശ്രമിച്ചുപോകുന്നു. യുഎന്‍ നേതൃത്വത്തിലുള്ള മിലേനിയം ഡവലപ്‌മെൻ്റ് ഗോളില്‍ നാലാമത്തെ ഇനം തന്നെ മെച്ചപ്പെട്ടതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ നല്‍കുക എന്നതാണ്.
യുഎന്‍ കണക്കനുസരിച്ച് ലോകത്ത് സംസാരിക്കപ്പെടുന്ന ഏകദേശം 7000 ഭാഷകളില്‍ പകുതിയോളം ഒരു തലമുറ കൂടി നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ഇതില്‍ തന്നെ 96% ഭാഷകളും ലോക ജനസംഖ്യയുടെ കേവലം 4 % മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതായത് ഭാഷകള്‍ തന്നെ വലിയ തോതില്‍ അന്യം നിന്ന് പോകുന്ന അവസ്ഥ മനുഷ്യന് അവന്റെ സ്വത്വം നഷ്ടപ്പെട്ട് പോവുന്നതിലേക്ക് വൈകാതെ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും.
അഞ്ച് കോടിക്കോ അതിന് മുകളിലോ സംസാരിക്കുന്ന 26 ലോക ഭാഷകളില്‍ 7 എണ്ണം ഇന്ത്യ ഉപഭൂഖണ്ഡത്തിലാണെത് നമുക്ക് അഭിമാനിക്കാന്‍ വക തരുന്നു. ഹിന്ദി, ബംഗാളി, ഉര്‍ദു, പഞ്ചാബി, തെലുങ്ക്, തമിഴ്, മറാഠി എന്നിവയാണിവ. ഇന്ത്യയിലാകട്ടെ, ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം തന്നെ നടന്നിരിക്കുന്നത്. 57 ദിവസത്തെ പോറ്റി ശ്രീരാമലുവിൻ്റെ ഉപവാസത്തിലൂടെയുള്ള മരണം ആന്ധ്രാപ്രദേശിൻ്റെ രൂപവത്ക്കരണത്തിലേക്ക് മാത്രമല്ല മറ്റ് ഭാഷ അടിസ്ഥാനത്തിലുള്ള ഫെഡറല്‍ ഘടകങ്ങളുടെ പിറവിയിലേക്കും കാര്യങ്ങള്‍ എത്തിച്ചു.
മുഹമ്മദ് അലി ജിന്നയുടെ 1948ലെ പ്രസിദ്ധമായ ഉറുദു, ഉറുദുമാത്രം എന്ന കുപ്രസിദ്ധമായ ധാക്ക പ്രസംഗം 1971ല്‍ ലോകത്തിലാദ്യമായി ഭാഷ അടിസ്ഥാനത്തില്‍ രൂപവത്ക്കരിച്ച രാജ്യം – ബംഗ്ലാദേശിൻ്റെ പിറവിയിലാണ് കലാശിച്ചത്. 1952 ലെ ഉയിര്‍ത്തെഴുന്നേല്‍പ്പിൻ്റെ തീപ്പൊരി ഇപ്പോഴും ബംഗാളി രക്തത്തിലോടുന്നു. ഫെബ്രുവരി 21ന് ധാക്ക സര്‍വകലാശാല വളപ്പിലെ ഷഹീദ് മിനാരത്തില്‍ (രക്തസാക്ഷി മണ്ഡപം) ഒത്തുകൂടുന്ന അവര്‍ മാതൃഭാഷയ്ക്കായി ജീവന്‍ തൃജിക്കാനും തയ്യാറാണെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.
ഭാഷാ വൈജാത്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 22 പ്രാദേശിക ഭാഷകളും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളുകളിലൂടെ ഔദ്യോഗിക പദവി അലങ്കരിക്കുന്നു. എന്നാല്‍ പൈതൃക ഭാഷയായ സംസ്‌കൃതം കാലയവനികയിലേക്ക് മറഞ്ഞു പോകുന്ന കാഴ്ചയാണ് കാണാനാവുക. കേവലം 15,000 ത്തില്‍ താഴെ മാത്രം പേരാണ് സംസാര ഭാഷയായി സംസ്‌കൃതം ഉപയോഗിക്കുന്നത്. സംസ്‌കൃതം പരിപോഷിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ആ ഭാഷയില്‍ ലോകത്തില്‍ ദിനപത്രം മാത്രമേയുള്ളൂ – സുധര്‍മ്മ. മൈസൂരില്‍ നിന്ന് ഏതാനും കോപ്പികളുമായി ഇറങ്ങുന്ന ഈ പത്രം പോയ്മറഞ്ഞ സംസ്‌കൃതിയുടെ തിരുശേഷിപ്പായി തുടരുന്നു. ഇന്ത്യന്‍ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാത്രം ഔദ്യോഗിക ഭാഷകളില്‍ സംസ്‌കൃതം ഉള്‍പ്പെടുത്തിയത് ശുഭകരമാണ്.
സ്വതന്ത്ര ബംഗ്ലാദേശിൻ്റെ ദേശീയ ഗാനമായ അമര്‍ സോണന്‍ ബംഗ്ല രബീന്ദ്രനാഥ ടാഗോര്‍ ഒന്നാം ബംഗാള്‍ വിഭജന പശ്ചാത്തലത്തില്‍ 1905ല്‍ രചിച്ചതാണ്. രബീന്ദ്ര നാഥിന്റെ വിശ്വഭാരതിയിലെ ശിഷ്യനായിരുന്ന ആനന്ദസമരകൂണ്‍ ആണ് സിംഹള ഭാഷയില്‍ ശ്രീലങ്കയുടെ ദേശീയഗാനം രചിച്ചത്. മൂന്ന് പതീറ്റാണ്ട് നീണ്ട് നിന്ന ശ്രീലങ്കന്‍ ആഭ്യന്തര കലഹങ്ങളുടെയും മൂലകാരണം തമിഴ് വംശജര്‍ ഭാഷയുടെ പേില്‍ നേരിട്ട വിവേചനമാണെന്ന് കാണാന്‍ സാധിക്കും. ഏതായാലും 2009 അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് പതീറ്റാണ്ട് മുമ്പ് തന്നെ തമിഴും സിംഹളക്കൊപ്പം ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു.
സാര്‍വദേശീയ ഭാഷാ അവകാശ പ്രഖ്യാപനം (universal declaration of linguistic rights) 1996 ല്‍ ബാഴ്‌സലോണയില്‍ വച്ച് നടത്തപ്പെട്ടെങ്കിലും നൂറ് കണക്കിന് ഭാഷകള്‍ കാലയവനികയിലേക്ക് മറഞ്ഞു പോവുക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഡോ. സന്തോഷ് മാത്യ
അസി. പ്രൊഫസര്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി