ആ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാൾ

0

രാജ്യത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത തരത്തിൽ കേരളത്തിൽ ജനാധിപത്യത്തിൻ്റെ ശ്രീകോവിലുകൾ കളങ്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിൽ പ്രതികൾ നൽകിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും  കെ സുരേന്ദ്രൻ.

സ്വപ്ന സുരേഷിൻ്റെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളാണ്. മറ്റു പ്രതികളുടെ പേരുകളും ഭഗവാൻ്റെ പര്യായങ്ങളാണ്. സർക്കാർ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവർത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഭരണ സംവിധാനമാകെ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീൽ വെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോൾ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവർക്കും രാജിവെക്കേണ്ടി വരും.

ഒരു ഭരണ സംവിധാനം പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് നടത്തിയത്. ഗ്രീൻ ചാനൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഉൾപ്പെടെ ഹവാലയും റിവേഴ്സ് ഹവാലയും നടത്താൻ കള്ളക്കടത്തുകാരെ സഹായിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നൽകുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വർഗീയ പ്രീണനം നടത്തുന്നത്.

മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീർക്കാനാണ് മുഖ്യമന്ത്രി ധർമ്മടത്തേക്ക് പോയത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പ് അദ്ദേഹം ധർമ്മടത്ത് പോയത് പലതും ഒതുക്കിതീർക്കാനാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നിൽ രണ്ട് സീറ്റുകൾ എൻ.ഡി.എ നേടും. ലാവ്ല്ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചത് കോൺഗ്രസായിരുന്നു. മൻമോഹൻസിംഗിന്റെ ഉപദേശകനായിരുന്ന ടി. കെ നായരും എ.കെ ആൻ്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു