കിമ്മിനെ കുറിച്ച് തന്നെ!! ദുരൂഹതകള്‍ തുടരുന്നു..

0

ഹിറ്റ്ലറിന് ശേഷം ഭയത്തോടും വെറുപ്പോടും വാർത്തകളിൽ ലോകജനങ്ങൾ കണ്ട ക്രൂരനായ ഭരണാധികാരി ആരാണ് ? അല്ലെങ്കിൽ മുസോളിനി, സ്റ്റാലിൻ , ഇദി ആമീൻ, നിക്കോളോ സെവ്യൂസെ, ഫ്രാസിസ്കോ ഫ്രാങ്കോ, മിലിയാൻ റോബസ്‌പിയർ, അഗസ്റ്റോ പിനോഷെ, ജോർജ് റാഫേൽ ഇവരുടെ നിരയിലുള്ള ഇന്നത്തെ തലമുറയിലുള്ള ഭരണാധികാരി ഏതാണ് ? കൊച്ചു കുട്ടികൾ പോലും കണ്ണുംപൂട്ടി പറയും: അത്  ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉൻ. പക്ഷെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ,ആരോഗ്യം എങ്ങനെ എന്നി കാര്യങ്ങളിൽ ഇരുട്ടിൽ തപ്പുകയാണ് ലോകമിപ്പോൾ.

ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി വന്നിട്ടുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ട്രംപിന് പോലും സംശയങ്ങളുണ്ട്. പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവയാണത്രെ ഉത്തര കൊറിയൻ നേതാവിന്‍റെ ആരോഗ്യത്തെ ബാധിച്ചത്. പിതാവിന്റെ മരണത്തെത്തുടർന്ന് 2011 ഡിസംബറിലാണ് കിം രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്. അന്ന് മുതൽ ക്രൂരതയുടെ പര്യായമാണ് ഇദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

പിതാവ് കിം ജോങ് ഇ‌ല്ലിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്നിന്റെ വരവ്. 2011ൽ അധികാരം ഏറ്റെടുക്കുമ്പോൾ  പ്രായം 27 തികഞ്ഞതേയുള്ളൂ കിമ്മിന്. രണ്ടരക്കോടി മാത്രം ജനസംഖ്യയുള്ള, വലിപ്പത്തില്‍ ലോകത്തിലെ 98മത്തെ രാജ്യം ആണ് ഉത്തര കൊറിയ. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉള്ള രാജ്യവും പട്ടാളക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ രാജ്യവും ഏറ്റവും കൂടുതല്‍ പീരങ്കിപ്പട്ടാളം ഉള്ള 3-മത്തെ രാജ്യവും ഇതാണ്. എല്ലാ 5 വര്‍ഷം കൂടുമ്പോഴും ഇവിടെ തിരഞ്ഞെടുപ്പുണ്ട്. വോട്ടവകാശം ഉള്ള എല്ലാവരും വോട്ടു ചെയ്തിരിക്കണം. ഏറ്റവും തക്കതായ കാരണമില്ലാതെ വോട്ടു ചെയ്യാത്തവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. എന്നാല്‍ ബാലറ്റ് പേപ്പറില്‍ ജനങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ ഒരേ ഒരു പേരു മാത്രമേ ഉണ്ടായിരിക്കുകയുള്ളു-കിം ജോങ് ഉന്നിന്റെ! രാജ്യത്തിന്‍റെ അഞ്ചിലൊന്നു ജനങ്ങളും പട്ടാളക്കാരായ ഇവിടെ പട്ടാളത്തില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ ഉയരം 4 അടി 2 ഇഞ്ച്‌ മാത്രമാണ്. ഇങ്ങനെ ഒരു പാട് സവിശേഷതകളുള്ള ദുരൂഹമായ ഒരു രാജ്യം അതാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ.

2017 സെപ്റ്റംബർ മൂന്നിലെ ആണവ പരീക്ഷണത്തിനു ശേഷം മാത്രവാന് ട്രംപിന്റെ കണ്ണിൽ ഉത്തര കൊറിയ കരടായത്. അത് വലിയ വാക്പോരായി മാറി. അന്നു പൊട്ടിച്ച ഹൈഡ്രജൻ ബോംബിന്റെ പ്രകമ്പനത്തിൽ ട്രംപ് നന്നായി ‘കുലുങ്ങി’. 1945ൽ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി ശേഷിയുള്ളതായിരുന്നു കിം പൊട്ടിച്ചത്. ജൂച്ചേ” (Juche) എന്ന മതം മാത്രം ഔദ്യോഗികമായി അംഗികരിച്ചിരിക്കുന്ന ഉത്തര കൊറിയ പിന്തുടർച്ചാവകാശ കമ്മൂണിസം ആണ് പിന്തുടരുന്നത്. ജൂലൈ 8നും, ഡിസംബർ 17നും ജനിച്ചവർ തങ്ങളുടെ ജന്മദിനംആഘോഷിക്കാറില്ല. കാരണം നേതാക്കളായ കിം-ഇൽ -സുങ്ങും,കിം ജോങ്ങ് ഇലും മരിച്ചത് ആ  തിയതികളിലാണ്. ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്. അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു തുടങ്ങിയ കാടൻ നിയമങ്ങളാണ് കീംമിന്റേത്. മീറ്റിങ്ങിനിടയിൽ ഉറങ്ങി പോയതിന് പട്ടാള മേധാവിക്ക് വധശിക്ഷ നല്കിയതും ഇവിടെ തന്നെയാണ്!

മൂന്ന് ടെലിവിഷൻ ചാനലുകൾ  മാത്രമേ ഇവിടുള്ളൂ. ഇതില്‍ 2 എണ്ണം ശനിയും ഞായറും മാത്രമേ ലഭിക്കൂ. 3-മത്തേത് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാത്രം. ഇവിടെ കുട്ടികള്‍ക്ക് സ്കൂളില്‍ പഠിക്കണമെങ്കില്‍ തങ്ങളുപയോഗിക്കുന്ന മേശയ്ക്കും കസേര്യ്ക്കും വരെ ഫീസ് കൊടുക്കണം.

എന്നാൽ ഇരു കൊറിയകൾക്കുമിടയിൽ 250 കിലോമീറ്ററോളം നീളവും നാല് കിലോമീറ്ററോളം വീതിയും ഉള്ള, എപ്പോഴും യുദ്ധ സന്നദ്ധമായ അന്തരീക്ഷം ഉള്ള DMZ ൽ ട്രംപിനെ വിളിച്ചു വരുത്തി സമാധാനം സ്ഥാപിക്കാൻ കിം പരിശ്രമിച്ചിരുന്നു. സമാധാന ഉടമ്പടിയിൽ ഒപ്പ് വെക്കാത്തതുകൊണ്ട് തന്നെ 1953 മുതൽ ഇരു കൊറിയകളും സാങ്കേതികമായി  യുദ്ധത്തിൽ ആയിരുന്നു. എന്നാൽ ഇത് അവസാനിപ്പിക്കുന്നതിനും കിമ്മിന് സാധിച്ചിരുന്നു. കുടുംബാധിപത്യത്തിൽ അടിസ്ഥാനമായ juche എന്ന ഐഡിയോളജി ആണ് ഉത്തര കൊറിയൻ ഭരണിധികാരികൾ പിൻപറ്റുന്നത്. അതിന് കമ്മ്യൂണിസമായി വിദൂരമായ ബന്ധം പോലും ഇല്ല എന്നാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകളുടെ വാദം. ഏതായാലും ഒന്നുറപ്പാണ്‌ ഹിറ്റ്‌ലറിന് ശേഷം ഭയത്തോടും വെറുപ്പോടും വാർത്തകളിൽ ലോകജനങ്ങൾ കണ്ട ക്രൂരനായ ഭരണാധികാരിയാണ് കിം.

ഡോ. സന്തോഷ് മാത്യ
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി