ബൈസണ്‍ വാലി വില്ലേജിലെ ചൊക്രമുടിയില്‍ അനധികൃതമായി നടന്ന ഭൂമി കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വൈകി എന്ന അരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. ജ്ഞാനദാസ്, മണിവേല്‍, ഗുരുസ്വാമി, കറുപ്പുസ്വാമി എന്നിവരുടെ പേരില്‍ അനുവദിച്ചിട്ടുള്ളതും മെജോ ജോസഫ് എന്നയാള്‍ കൈവശം വച്ചിട്ടുള്ളതമായ 13.78 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി മാര്‍ച്ച് 14 ദേവികുളം സബ്കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആധാരങ്ങളുടെ പരിശോധന, ഇടുക്കി പോലുള്ള വലിയ വിസ്തൃതിയുള്ള ഭൂഭാഗത്തിന്റെ സര്‍വ്വെ, കക്ഷികളെ നേരില്‍ കേള്‍ക്കല്‍, കക്ഷികള്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സമയം അനുവദിക്കല്‍, നിയമപരമായ നോട്ടീസ് കാലാവധി എന്നിവയ്ക്കു വേണ്ടിയുള്ള നിയമപരമായ സമയമേ ഈ നടപടികള്‍ക്കായി എടുത്തിട്ടുള്ളൂ. തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനടുത്തായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കിയില്‍ ഭൂമി കയ്യേറ്റവുമായി തെറ്റായ നടപടികള്‍ നടന്നിട്ടുണ്ട് എന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും, ഭൂമി കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ നിയമിച്ച പ്രത്യേക ടീമും അന്വേഷണം നടത്തി. ഇതു പ്രകാരം സമീപ കാലത്തൊന്നും ഈ പ്രദേശത്ത് പട്ടയം നല്‍കിയിട്ടില്ല എന്നും, 1965 -70 കലാഘട്ടത്തില്‍ നല്‍കിയ ചില പട്ടയങ്ങളുടെ മറവിലാണ് കയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നതിനും തുടരാതിരിക്കാനുമുള്ള സ്റ്റോപ്പ് മെമ്മോ 2024 ആഗസ്റ്റ് 23-ാം തിയതി തന്നെസ്ഥലം തഹസില്‍ദാര്‍ നല്‍കിയിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ചൊക്രമുടി മലയുടെ താഴ് വാരത്ത് പട്ടയം നല്‍കിയതായി പറയുന്ന സര്‍വ്വേ നമ്പറുകളിലെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശത്ത് നല്‍കിയതായി പറയുന്ന പട്ടയങ്ങള്‍ ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സിലേയോ പട്ടയത്തിലേയോ വിവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവികുളം സബ്കളക്ടറെ ചുമതലപ്പെടുത്തി.
ഇടുക്കി പോലെ വിസ്തൃതവും സര്‍വ്വേ ചെയ്യാന്‍ ദുഷ്‌കരവുമായ ഒരു ഭൂപ്രദേശത്ത് നിയമനടപടികള്‍ പാലിക്കാതെയും, പഴയ രേഖകള്‍ പരിശോധിക്കാതെയും തിടുക്കത്തില്‍ നടപടിയെടുത്താല്‍ കയ്യേറ്റക്കാര്‍ക്ക് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുകള്‍ നേടുന്ന സാഹചര്യം ഉണ്ടാകും. ഇതൊഴിവാക്കുന്നതിനായി വളരെ സൂക്ഷമതയോടെ ആര്‍.ടി.കെ റോവര്‍ ഉള്‍പ്പെടെയുള്ള ആധുനിക സര്‍വ്വേ ഉപകരണങ്ങള്‍ ഉപയോഗിച്ച് മൊത്തം ഭൂമിയും അളന്ന് സര്‍വ്വേ ഡീ മാര്‍ക്കേഷന്‍ നടത്തുന്നതിന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, സര്‍വ്വേയര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദുരന്ത നിവാരണ നിയമപ്രകാരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി ഇടുക്കി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ഹസാര്‍ഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി.
ചൊക്രമുടിയിലെ അനധികൃത കയ്യേറ്റങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നതിന് 2024 സെപ്റ്റംബര്‍ 9 ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിക്കുകയും, ഇതിന്റെ ഭാഗമായി 45 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അവ തടയുന്നതിന് ബൈസണ്‍ വാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പട്ടയം ലഭിച്ചവരെ നേരില്‍ കേട്ടു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി 2025 ജനുവരി 23 ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 14 ന് നാല് പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ട് ദേവികുളം സബ് കളക്ടര്‍ ഉത്തരവിറക്കി, റവന്യു മന്ത്രി വിശദീകരിച്ചു.