ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പ്രളയ ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസം ഇനിയും എത്തിക്കുന്നതില്‍ അധികാരികള്‍ക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള മൗനം വെടിഞ്ഞ് വേണ്ട നടപടി ഉടന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
2018 ലേതിന് സമാനമായ സാഹചര്യമാണ് ഇത്തവണയുണ്ടായത്. ഒരാഴ്ചക്കാലമാണ് ജില്ലയിലെ പ്രദേശങ്ങള്‍ വെള്ളകെട്ടിലായത്. വിവിധ താലൂക്കൂകളില്‍ തൃശൂര്‍ -5540, മുകുന്ദപുരം -3919, വടക്കാഞ്ച്വരി-1246, കുന്നംകുളം – 737, ചാലക്കുടി – 625, ചാവക്കാട് -952,കൊടുങ്ങല്ലൂര്‍ 88 എന്നിങ്ങനെ ഏകദേശം 13007 ല്‍ പരം വീടുകളെയാണ് ബാധിച്ചത്.
അതില്‍ നുറോളം ക്യാമ്പുകളിലായി ഏകദേശം 3500 വീട്ടുകാരും മറ്റുള്ളവര്‍ ബന്ധു വീടുകളിലുമായാണ് കഴിഞ്ഞത്. ഭാഗീകമായി തകര്‍ന്ന വീടുകളും, വീട്ടുപകരണങ്ങള്‍, കിണര്‍, ചുറ്റുമതില്‍, തൊഴുത്തുകള്‍, വളര്‍ത്തു മൃഗങ്ങള്‍ , വാഹനങ്ങള്‍ എന്നിവയുടെ നാശനഷ്ടങ്ങുളുമുണ്ട്.
പല വീടുകളും ഇപ്പോഴും താമസയോഗ്യമായിട്ടില്ല. വീടുകളും കിണറുകളും വൃത്തിയാക്കുന്നതിനും മറ്റുമായി വലിയ സാമ്പത്തിക ഭാരമാണ് നേരിടേണ്ടി വരിക. ജില്ലയിലെ 105 കൃഷി ഭവനുകളുടെ പരിധിയിലായി 1672 ഹെക്ടറിലായി ഏകദേശം 26 കോടി രൂപയുടെ കൃഷി നാശമാണ് ഈ പ്രദേശങ്ങളില്‍ സംഭവിച്ചത്. അതില്‍ ഓണത്തിന് പാകമായി നില്‍ക്കുന്ന ആയിരകണക്കിന് നേന്ത്രവാഴകള്‍ നശിച്ചുപോയത് ഏറെ വേദനാജനകമാണ്. ഏകദേശം 50 കോടിയില്‍ പരം രൂപയുടെ നാശനഷ്ടം ജില്ലയില്‍ സംഭവിച്ചിട്ടുണ്ട്.
ഇതിനുപുറമേ ദിവസങ്ങളോളം പണിക്ക് പോകാന്‍ സാധിക്കാതെ വരുമാന നഷ്ടവും ജീവനോപാധികള്‍ നഷ്ടപെട്ടതിന്റെ വേറേയും. പുത്തൂര്‍ ഡിവിഷനിലെ പുത്തൂര്‍, തൃക്കൂര്‍, നെന്മണിക്കര,പാണഞ്ചേരി പഞ്ചായത്തുകളിലെ 16 വാര്‍ഡുകളിലായി എകദേശം 2600 വീടുകളെ പ്രളയം ബാധിച്ചു. ഏകദേശം 5 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
അടിക്കടിക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ മൂലം ജനങ്ങള്‍ സാമ്പത്തികമായും മറ്റു തരത്തിലും കഷ്ടപ്പെടുകയാണ്. വെള്ളക്കെട്ട് ഉണ്ടായി പത്ത് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ ദുരിതബാധിതര്‍ക്ക് എന്ത് ചെയ്യുമെന്നോ നഷ്ടപരിഹാരം നല്‍കുമെന്നോ പറയാത്തത് അപലപനീയമാണ്. ദുരിത ബാധിതര്‍ക്ക് സൗജന്യ റേഷന്‍ പോലും പ്രഖ്യാപിക്കാഞ്ഞത് ഗുരുതരമായ വീഴ്ചയാണ്. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് അധികൃതര്‍.
അടിയന്തരമായി സൗജന്യ റേഷന്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനും ജില്ലാ കളക്ടര്‍ക്കും കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്. ഈ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് എല്ലാ ജനങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു. മണലി പുഴയുടെ തീരത്തുള്ള പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് കൂടുതല്‍ നാശ നഷ്ടം സംഭവിച്ചത്. ക്രമാനുസൃതമായി പീച്ചി ഡാമിലെ വെള്ളം തുറന്ന് വിട്ടിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു, അതിനുപുറമേ മണലി പുഴയിലെ കയ്യേറ്റവും, ആഴം കുറഞ്ഞതും, ഷട്ടറുകളുടെ കേടുപാട് തീര്‍ക്കാത്തതും പ്രളയത്തിന് ആക്കം ക്കൂട്ടി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണലി പുഴയുടെ പഠനം നടത്തി പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ആ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കൂടി മുന്‍ കയ്യെടുത്താല്‍ മാത്രമേ അത് സാധ്യമാക്കാന്‍ കഴിയുള്ളു. സമാനമായ രീതിയില്‍ ജില്ലയിലെ എല്ലാ പുഴകളും വീണ്ടെടുക്കണം. ഡാം ജാഗ്രത മുന്നറിയിപ്പ് ഇല്ലാതെ മണിക്കൂറുകള്‍ക്കകം തുറന്ന് വിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇനിയും പ്രളയം ഒഴിവാക്കാന്‍ വേണ്ട ഈ നടപടികള്‍ ധ്രുത ഗതിയില്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കത്ത് നല്‍കിയിട്ടുണ്ടെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.