ജാഗ്രത മുന്നറിയിപ്പുമായി പോലീസ്
മുതിര്‍ന്ന പൗരന്‍മാരുടെ ശ്രദ്ധയ്ക്ക്….നിങ്ങള്‍ സൂക്ഷിക്കുക..ജാഗ്രത പാലിക്കുക…സൈബര്‍ കള്ളന്‍മാര്‍ ഇപ്പോള്‍ നിങ്ങള്‍ക്കു പിറകെയാണ്…പക്ഷേ പേടിക്കണ്ട അവരെ പിടികൂടാന്‍ പോലീസ് ഒപ്പമുണ്ട്….
സൈബര്‍ തട്ടിപ്പുകള്‍ പതിവു സംഭവമായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് കൂടുതലും ഇരയാകുന്നത് സീനിയര്‍ സിറ്റിസണ്‍സ് അഥവാ മുതിര്‍ന്ന പൗരന്‍മാരാണെന്ന് മനസിലായിട്ടുണ്ട്.
പ്രായമായവരെ എളുപ്പത്തില്‍ പറ്റിക്കാമെന്നും ചതിയില്‍ വീഴ്ത്താമെന്നുമുള്ള ചിന്തയിലാണ് സൈബര്‍ തട്ടിപ്പുവീരന്‍മാര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യം വെക്കുന്നതെന്ന് പോലീസ് പറയുന്നു.
മറ്റുള്ളവരേക്കാള്‍ പ്രായമായവരെ പെട്ടന്ന് ഭയപ്പെടുത്തി ആശയക്കുഴപ്പത്തിലാക്കാമെന്നതും ഇവര്‍ക്ക് ഗുണകരമാകുന്നു. പല പ്രായമായവര്‍ക്കും സൈബര്‍ ഇടങ്ങളിലെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ല. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ അറിയാത്തവരുമുണ്ട്.
ഇവരെല്ലാമാണ് തട്ടിപ്പുകാരുടെ ഇരകള്‍.
വിദേശത്തെ മക്കള്‍ അയക്കുന്ന സാന്പത്തികം, റിട്ടയര്‍മെന്റ് ഫണ്ട്, പെന്‍ഷന്‍, ബിസിനസ് സംബന്ധമായ ട്രാന്‍സാക്ഷന്‍, ഇതെല്ലാമുള്ള മുതിര്‍ന്ന വ്യക്തികളുടെ അക്കൗണ്ടുകളെയാണ് സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യംവച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
ഇങ്ങനെ നോട്ടമിട്ട മുതിര്‍ന്ന പൗരന്‍മാരെ വ്യാജ അന്വേഷണ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫോണിലൂടെ ബന്ധപെടുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും തട്ടിപ്പുകാര്‍ വീഡിയോ പ്രത്യക്ഷപെടുന്നത്
നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങള്‍ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ ആദ്യം ഭയപെടുത്തി പ്രായമായവരെ വിശ്വസിപ്പിക്കുന്നു.
ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പണവും അയച്ചുകൊടുക്കാന്‍ തുടര്‍ന്നാവശ്യപ്പെടും. ആരെയും ഒന്നും അറിയിക്കരുതെന്നും നിങ്ങള്‍ വെര്‍ച്വല്‍ അറസ്റ്റിലായിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തും.
പേടിച്ചരണ്ട മുതിര്‍ന്ന പൗരന്‍മാര്‍ തട്ടിപ്പുകാര്‍ ചോദിക്കുന്നതെന്തും അയച്ചുകൊടുക്കുകയും പിന്നീട് ദിവസങ്ങള്‍ കഴിയുന്‌പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് പ്രായമായവര്‍ക്ക് മനസിലാവുന്നതും.
സീനിയര്‍ സിറ്റിസണ്‍ വ്യക്തികളെ മാത്രം ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളെ കുറിച്ച് മക്കള്‍ അവരവരുടെ രക്ഷിതാക്കളേയും ബന്ധുക്കളേയും ബോധവാന്‍മാരാക്കണമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.
സംശയാസ്പദമായ ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യാതിരിക്കുക. ഒടിപി, സാന്പത്തിക സ്വകാര്യവിവരങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക, അനാവശ്യ ആപ്‌ളിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക. അപരിചിതരുടെ വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുക. കോളുകള്‍ സംശയാസ്പദമായി തോന്നിയാല്‍ 112 എന്ന നന്പരില്‍ വിളിച്ച് ഉറപ്പുവരുത്തിയതിനുശേഷം പ്രതികരിക്കുക, സൈബര്‍ സാന്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന നന്പരില്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ മുന്നറിയിപ്പുകളും പോലീസ് നല്‍കിയിട്ടുണ്ട്.