HomeKeralaമലപ്പുറം ജില്ലയിൽ സി.ആർ.പി.സി 144 പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ സി.ആർ.പി.സി 144 പ്രഖ്യാപിച്ചു

കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക്  ക്രിമിനൽ പ്രൊസീജിയർ കോഡ് (സി.ആർ.പി.സി )സെക്ഷൻ 144 പ്രകാരം ഇനി പറയുന്ന കാര്യങ്ങൾ നിരോധിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിന് മാർച്ച് 23 മുതൽ മാർച്ച് 31 അർദ്ധരാത്രി വരെ പ്രാബല്യമുണ്ടാകും.
1 .  ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.
2 . സ്കൂളുകൾ , കോളേജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത പഠന കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ ,ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
3 . ആശുപത്രികളിൽ സന്ദർശകർ , കൂട്ടിയിരിപ്പുക്കാർ , ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
4 . ടൂർണമെന്റുകൾ , മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ , ജിംനേഷ്യം , ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
5 . എല്ലാത്തരം പ്രകടനങ്ങൾ, ധർണ്ണകൾ , മാർച്ചുകൾ, ഘോഷയാത്രകൾ , ഉത്സവങ്ങൾ , ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ / കൂട്ട പ്രാർത്ഥനകൾ , എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
6 . ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ഒരു കേന്ദ്രത്തിൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല.
7 . എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേയ്ക്കുമുളള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
8 . വിവാഹങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും പോലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുവാൻ ശ്രമിക്കേണ്ടതാണ് .
9 . ‘ബ്രെയ്ക് ദ ചെയിൻ ‘ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തിൽ സജ്ജീക്കേണ്ടതാണ്.
10 . വൻകിട ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് മാർക്കറ്റുകൾ എന്നിവയിലുളള കേന്ദ്രീകൃത ഏയർ കണ്ടീഷൻ സംവിധാനം നിർത്തി വെയ്ക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽ കൂടി ഓർഡറുകൾ സ്വീകരിച്ച് ആവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടേയും പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കൊറോണ വൈറസിൻറെ സമൂഹവ്യാപനത്തിന് കാരണമാകും. ആയതിനാൽ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ  ഐ.പി.സി – 269 , 188 ,270 ,കേരള പോലീസ് ആക്ട്  120(o) പ്രകാരമുളള നടപടികൾ ജില്ലാ പോലീസ് മേധാവി സ്വീകരിക്കേണ്ടതാണ്.

പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തേയും കണക്കിലെടുത്ത് മേൽ നിബന്ധനകളിൽ യാതൊരുവിധത്തിലുമുളള ഇളവുകളും അനുവദനീയമല്ല. ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നതിനായി താലൂക്ക് തഹസിൽദാർന്മാരായ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുന്മാർ ശ്രദ്ധിക്കേണ്ടതാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ പ്രവർത്തനങ്ങളുടെ ഏകോപനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും എസ്. എച്ച്. ഒ മാരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ജില്ലാ പോലീസ് മേധാവിയും നിർവ്വഹിക്കേണ്ടതാണ്.

Most Popular

Recent Comments