HomeIndiaജോണ്‍ പെന്നിക്വിക്ക്, മുല്ലപ്പെരിയാറിനെ മെരുക്കിയ, തമിഴൻ്റെ 'ദൈവം'

ജോണ്‍ പെന്നിക്വിക്ക്, മുല്ലപ്പെരിയാറിനെ മെരുക്കിയ, തമിഴൻ്റെ ‘ദൈവം’

ഡോ. സന്തോഷ് മാത്യു എഴുതുന്നു

ജോണ്‍ പെന്നിക്വിക്ക് ആരാണെന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ ചെറിയ കുട്ടികളോട് ചോദിച്ചാലും പറയും തങ്ങളുടെ എക്കാലത്തേയും വീരപുരുഷനാണെന്ന്. വെറും ഹീറോ മാത്രമല്ല, തമിഴ്‌നാട്ടിലെ വരണ്ടുണങ്ങിയ അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ക്ക് കൊണോണല്‍ ജോണ്‍ പെന്നിക്വിക്ക് ഒരു വേള ദൈവം തന്നെയാണ്.

നൂറ്റാണ്ടുകളായി വൈഗ നദിയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് വളരെ പരിമിതമായി കാര്‍ഷിക വൃത്തി നടത്തിയിരുന്ന മധുര, ദിണ്ടിഗല്‍, രാമനാഥപുരം, ശിവഗംഗ, തേനി എന്നീ ജില്ലകളിലെ സാധാരണക്കാര്‍ക്ക് മുല്ലപ്പെരിയാറില്‍ അണകെട്ടി വര്‍ഷം മുഴുവന്‍ വെള്ളമെത്തിച്ചതിന്റെ സൂത്രധാരന്‍ പെന്നിക്വിക്ക് അല്ലാതെ മറ്റാരുമല്ല. അതുകൊണ്ട് തന്നെയാണ് 1841 ല്‍ ജനിച്ച പെന്നിക്വിക്ക് ഇന്നും അനശ്വരനായി തെക്കന്‍ തമിഴ്‌നാടിന്റെ പച്ചപ്പിന്റെ അപ്പോസ്തലനായി തുടരുന്നതും.
കേവലം 70 വര്‍ഷം മാത്രമേ ഭൂമുഖത്ത് ജീവിച്ചിരുന്നുള്ളുവെങ്കിലും ഏഴായിരം വര്‍ഷം കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത വിസ്മയമാണ് പെന്നിക്വിക്ക് സാങ്കേതിക വിദ്യ അത്രയൊന്നും വികാസം പ്രാപിക്കാത്ത 19ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ചെയ്തു തീര്‍ത്തത്.

ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ബ്രിഗേഡിയറായിരുന്ന ജോണിന്റേയും ഭാര്യ സാറയുടേയും ഇളയ മകനായി 1841 ജനുവരി 15ന് പൂനെയില്‍ ആയിരുന്നു ജനനം. എട്ടാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട പെന്നിക്വിക്ക് ബ്രിട്ടനില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ ശേഷം 1858ല്‍ മദ്രാസ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായി മാറി. 1896 ല്‍ പൊതുമരാമത്ത് വകുപ്പില്‍ സേവനം ചെയ്ത അദ്ദേഹം നിരവധി പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

1886ല്‍ നിര്‍മാണം ആരംഭിച്ച മുല്ലപ്പെരിയാര്‍ അണ മലവെള്ളപ്പാച്ചിലില്‍ മൂന്ന് തവണ ഒലിച്ചുപോയിരുന്നു. ഗതികെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ ദൗത്യം അവസാനിപ്പിച്ചെങ്കിലും ബ്രിട്ടനിലെ തന്റെ കുടുംബസ്വത്തുക്കള്‍ വിറ്റ് കിട്ടിയ പണമുപയോഗിച്ച് അണക്കെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു പെന്നിക്വിക്ക്.

കുമളിയില്‍ നിന്ന് കമ്പം, തേനി, ദിണ്ടിഗല്‍ വഴി പോകുമ്പോള്‍ തന്നെ കാണാം പെന്നിക്വിക്ക് ഇഫക്ട്. നൂറുകണക്കിന് പെന്നിക്വിക്ക് പ്രതിമകളാണ് വഴിയോരത്തുള്ളത്. വാഹനങ്ങളില്‍ ഈശ്വരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പവും കാണാം ഈ മഹാ എഞ്ചിനീയറുടെ ചിത്രവും. നിരവധി സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. അടിവാരമായ കമ്പത്ത് പെന്നിക്വിക്ക് സ്മാരകവും മ്യൂസിയവും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

സിമന്റും കമ്പിയും ലഭ്യമല്ലാതിരുന്ന കാലത്ത് ചുണ്ണാമ്പിലും സുര്‍ക്കിയിലും പെരിയാറിന് കുറുകെ പണിത അണ നൂറ്റാണ്ട് പിന്നിട്ടിട്ടും വിസ്മയമായി തുടരുന്നുവെങ്കില്‍ നന്ദി പറയേണ്ടത് റോയല്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗേ കോളേജിന്റെ അവസാനത്തെ പ്രസിഡണ് കൂടിയായിരുന്ന പെന്നിക്വിക്കിനോടാണ്.
1893ല്‍ മദ്രാസ് നിയമനിര്‍മാണ സഭയിലേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. കിഴക്കോട്ട് അതിവേഗമൊഴുകി അറബിക്കടലിലേക്ക് വിലയേറിയ വെള്ളം ഒഴുകിപോവുന്നത് തടഞ്ഞാല്‍ ലക്ഷക്കണക്കിന് ഏക്കറിലെ ജനങ്ങള്‍ക്ക് ജീവജലം കൊടുക്കാന്‍ കഴിയുമെന്ന പെന്നിക്വിക്കിൻ്റെ ദീര്
ഘദര്‍ശനം തന്നെയാണ് അദ്ദേഹത്തെ ദൈവതുല്യനാക്കുന്നതും.

തമിഴ് മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ആ മഹാനുഭവന്‍ 1911 ല്‍ ബ്രിട്ടനില്‍ വച്ചാണ് അന്ത്യമടഞ്ഞത്. പ്രമുഖരല്ലാത്തവരുടെ കല്ലറകള്‍ മരണത്തിന് 100 വര്‍ഷം പിന്നിട്ടാല്‍ പൊളിച്ച് നീക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമത്തെ പിന്തുടര്‍ന്ന് പെന്നിക്വിക്കിന്റെ കല്ലറയും പൊളിച്ച് നീക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ആരാധകരും കുടുംബാംഗങ്ങളും കോടതിയെ സമീപിച്ച് താല്‍ക്കാലിക വിലക്ക് സമ്പാദിക്കുകയും ചെയ്തു. 177ാം ജന്മദിനം സമുചിതമായാണ് തമിഴ്ജനത ആഘോഷിച്ചത്. ജനുവരി 15ന് ആഘോഷം തെക്കന്‍ തമിഴ്‌നാട്ടില്‍ പെന്നിക്വിക്ക് കുടുംബാംഗങ്ങളുമൊത്ത് ആചരിച്ച് പൊങ്കല്‍ മഹോത്സവം അദ്ദേഹത്തിനുള്ള ആദരമായി മാറ്റുകയായിരുന്നു തമിഴ്മക്കള്‍.

പ്രകൃതിയുടെ വെല്ലുവിളികള്‍ മാത്രമല്ല വന്യമൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍, പാമ്പ് മറ്റ് ക്ഷുദ്രജീവികളില്‍ നിന്നുള്ള അക്രമങ്ങള്‍ ഇതിന് പുറമെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ഇവയൊക്കെ അതിജീവിച്ചാണ് അണക്കെട്ട് പെന്നിക്വിക്ക് ഒരു യാഥാര്‍ത്ഥ്യമാക്കിയത്.

മനോബലത്തിലും നിശ്ചയദാര്‍ഡ്യത്തിലും പണിതുയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് തെക്കന്‍ തമിഴ്‌നാടിനെ പച്ചപ്പുതപ്പ് വിരിക്കുന്നതിന് കാരണമായിട്ടുണ്ടെങ്കില്‍ അതിന് കാരണം കൊളോണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ ദീര്‍ഘവീക്ഷണം – അതൊന്നുമാത്രം. 1879ല്‍ വിവാഹിതനായ അദ്ദേഹത്തിന് ഒരു മകന്‍ മാത്രമേയുള്ളൂ. ബ്രിട്ടനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ ജോണ്‍ പെന്നിക്വിക്ക്.

സുര്‍ക്കിയിലും ചുണ്ണാമ്പിലും വിരിയിച്ചെടുത്ത അണക്കെട്ടിന് നേരിട്ട പ്രതിസന്ധികള്‍ പറയുമ്പോഴെല്ലാം പെന്നിക്വിക്ക് പറയുന്ന വാചകമുണ്ട്. ഞാന്‍ ഒരിക്കല്‍ മാത്രമേ ഈ ലോകത്ത് ജീവിക്കുന്നുള്ളൂ, അതിനാല്‍ കുറച്ചെങ്കിലും നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ആ നന്മകള്‍ക്ക് താമസം വരുത്താനോ ഉപേക്ഷ വിചാരിക്കാനോ എനിക്കാവില്ല, കാരണം ഇനിയൊരു ജന്മം എനിക്കില്ല.

ജോണ്‍ പെന്നിക്വിക്കിനെ സംബന്ധിച്ചിടത്തോളവും അദ്ദേഹത്തിന്റെ നന്മകള്‍ തെക്കന്‍ തമിഴ്‌നാട് പച്ചവിരിച്ചിരിക്കുന്ന കാലത്തോളം തുടരും. തേനിയിലേയും മധുരയിലേയും കര്‍ഷകര്‍ അദ്ദേഹത്തിന്റെ പടം വെച്ച് പൂജിക്കുകയും ആരതി ഉഴിയുകയും ചെയ്യുന്നു. തെക്കന്‍ തമിഴ്‌നാട്ടില്‍ ജോണ്‍ പെന്നിക്വിക്ക് നാമധാരികള്‍ തന്നെ നൂറ്കണക്കിനുണ്ട്. കാലിവളര്‍ത്തല്‍ മാത്രം ഉപജീവനമാക്കിയിരുന്ന ഒരു ജനതക്ക് ഭക്ഷ്യവിളയും നാണ്യവിളയും കൃഷി ചെയ്യാന്‍ നിലമൊരുക്കി പുതിയൊരു കാര്‍ഷിക സംസ്‌ക്കാരത്തിന് അടിത്തറ പാകി എന്നതാണ് ചരിത്രത്തില്‍ പെന്നിക്വിക്ക് എന്ന മഹാ എഞ്ചിനീയറുടെ സ്ഥാനം.

ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി

Most Popular

Recent Comments