ഡോ. സന്തോഷ് മാത്യു എഴുതുന്നു
യുദ്ധങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളെക്കാൾ വലിയ മാറ്റങ്ങൾ കൊറോണ കൊണ്ടുവരും. കൊറോണയ്ക്കു ശേഷമുള്ള ലോകം ഒരു പക്ഷേ നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമായേക്കും.
എല്ലാത്തരം വിപണികളും ഒരു പൊളിച്ചെഴുത്തിൻ്റെ പാതയിലാണ്. ചരിത്രത്തിലുണ്ടാകാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് പത്രങ്ങൾ. ആഗോള വ്യാപകമായി അച്ചടിച്ച പത്രങ്ങൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ് . ഗുട്ടൻബർിൻ്റെ അച്ചടി യന്ത്രത്തിൻ്റെ കണ്ടുപിടുത്തതോടെയാണ് ആധുനിക പത്ര ചരിത്രം തുടങ്ങുന്നത്.
1455 ഇൽ ഗുട്ടൻബർഗ് എന്ന ജർമൻകാരൻ അച്ചടിയന്ത്രം കണ്ടുപിടിച്ച് അധികം വൈകാതെ തന്നെ ജർമൻകാർ റിലേഷൻസ് എന്ന പേരിൽ ആദ്യ പത്രവും തുടങ്ങി. 1609 ഇൽ ജൊഹാൻ കാർലോസ് തുടങ്ങിയ അച്ചടിച്ച വാർത്തപത്രം വാർത്താ വിനിമയ ലോകത്ത് പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു . അതിനും മുമ്പേ പത്രമുണ്ടായിരുന്നു . ജൂലിയസ് സീസറിൻ്റെ കാലത്തെ ആക്ടഡ്യുന ആണ് രേഖപ്പെടുത്തിയ ആദ്യ പത്രം. എന്നാൽ അതു കേവലം കൈയെഴുത്തു പത്രം മാത്രമായിരുന്നു.
എന്നാൽ അച്ചടി വന്നതോടെ കൈയെഴുത്തു പത്രങ്ങൾ നിന്നുപോയി. ഇന്റർനെറ്റും ഇമെയിലും വന്നതോടെ ടെലെഗ്രാമും കമ്പിയില്ലാ കമ്പിയും നിന്നുപോയതുപോലെ, സ്മാർട്ട് ഫോൺ വന്നതോടെ പേജർ നിന്ന് പോയത് പോലെ.
ഇന്ത്യൻ പത്ര പ്രവർത്തന ചരിത്രം 1780 ഇൽ മാത്രമാണ് ആരംഭിക്കുന്നത്. ജെയിംസ് ഹിക്കിയുടെ കൊൽക്കൊത്ത ഗസറ്റ്. അച്ചടി വ്യവസായത്തിൻ്റെ സുവർണകാലത്തു നമ്മൾ അഹങ്കരിച്ചിരുന്നു ലോകത്തു ഏറ്റവും വിറ്റഴിയുന്ന ബ്രോഡ്‌ഷീട് ഇംഗ്ലീഷ് പത്രം ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നെന്ന്. എന്നാൽ ലോകത്ത് ഏറ്റവും പത്ര വില്പനയുള്ള സ്ഥലം ജപ്പാനാണ്. അവിടുത്തെ യോമിയുരി ഷിബുവിൻ്റെ പ്രചാരം ഒന്നരകോടിക്കടുത്താണ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഭാഷ ദിനപത്രമെന്നു മനോരമയും അഹങ്കരിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള പത്രം ദൈനിക് ഭാസ്കർ എന്ന ഹിന്ദി പത്രമാണ്. രണ്ടാമനും ഹിന്ദി തന്നെ :ദൈനിക് ജാഗരൺ.
മലയാളത്തിലെ ഒന്നാമത്തെ പത്രവും രണ്ടാമത്തെ പത്രവും മാത്രമല്ല സകലതും ഇന്ന് ഉർദ്ധശ്വാസം വലിക്കുന്നു. ഇന്ത്യയിൽ ഇപ്പോഴും പ്രസിദ്ധീകരികുന്ന ഏറ്റവും പഴക്കമുള്ള 1822 മുതലുള്ള മുംബൈ സമാചാറും മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ഇപ്പോഴും പ്രസിദ്ധീകരികുന്ന 1887 മുതലുള്ള ദീപികയുമെല്ലാം ഊർദ്ധശ്വാസം വലിക്കുകയാണ് ഇപ്പോൾ.
പരസ്യങ്ങൾ പത്രങ്ങളുടെ ജീവനാഡിയാണ്. പത്ര വരുമാനത്തിൻ്റെ എൺപതു ശതമാനത്തിലധികവും വരേണ്ടത് പരസ്യത്തിൽ നിന്നാണ്. അത് കുറഞ്ഞാൽ പത്രം മെലിയും -എല്ലാ അർത്ഥത്തിലും.
2016 സെപ്റ്റംബർ മാസത്തിൽ 10.30 ലക്ഷം പേരാണ് ഇന്ത്യയിലെ മാധ്യമ – പ്രസാധന രംഗത്ത് ജോലി ചെയ്തിരുന്നത്. കൃത്യം അഞ്ച് വർഷം കഴിഞ്ഞപ്പോൾ, 2021 ഓഗസ്റ്റിൽ അവരുടെ എണ്ണം 2.30 ലക്ഷം ആയി. അതായത് 78% പേർ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തൊഴിൽ രഹിതരാവുകയോ വേറെ തൊഴിൽ തേടി പോകുകയോ ചെയ്‌തു. സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ പുതിയ പഠനത്തിലെ കണ്ടെത്തലാണിത്. ജീവിക്കാനുള്ള ശമ്പളം ലഭിക്കാത്തതും തൊഴിലാളികളോടുള്ള മാനേജ്മെൻ്റിൻ്റെ മോശമായ സമീപനവും നിരവധി പേരെ ഈ മേഖലയിൽ നിന്നും അകറ്റിയിട്ടുണ്ട്.
അച്ചടി മാധ്യമങ്ങൾ ഈ അവസ്ഥയിൽ നിന്നും കരകയറുന്ന കാര്യം പ്രയാസമാണ്. അച്ചടി മാദ്ധ്യമങ്ങൾ ഇപ്പോൾ തന്നെ അപ്രസക്തമാണ്. ഇന്നത്തെ പത്രങ്ങളിലെ വാർത്ത പോലും വളരെ പഴക്കമുള്ളതായി തോന്നുന്ന അവസ്ഥ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ കുറെ കാലം കൂടി നിലനിന്നേക്കാം. സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ് തിയറി ഇവിടെയും ബാധകമാണ്. കൊറോണ ചരിത്രത്തെ രണ്ടായി വെട്ടിമുറിക്കുക തന്നെയാണ്, പലതും പൂട്ടിപ്പോകും. പത്രം അത്ര അത്യാവശ്യമുള്ളതല്ല!
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസർ
സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി