ഡോ. സന്തോഷ് മാത്യു എഴുതുന്നു
റാണി അബ്ബാക്കാ ചൗധ – വൈദേശിക ആക്രമണങ്ങളില്‍ നിന്ന് നാട്ടുരാജ്യത്തെ സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങിയ ആദ്യവനിതയുടെ പേരാണത്. ഉള്ളാള്‍ എന്ന മംഗലാപുരത്തിനോട് ചേര്‍ന്ന തീരദേശ ഗ്രാമം കേന്ദ്രമായുള്ള ചൗധ രാജവംശത്തിൻ്റെ അവകാശിയായിരുന്നു അവത.
അഭയറാണി, ഭയരഹിത രാജകുമാരി എന്നിങ്ങനെയൊക്കെ ചരിത്രം രേഖപ്പെടുത്തുന്ന അബ്ബാക്കാ രാജകുമാരിയുടെ നാട്ടുരാജ്യത്തിൻ്റെ ആസ്ഥാനം ഇന്ന് കേരളത്തിൻ്റെ ഭാഗമായ പുത്തിഗെയിലായിരുന്നു. ചന്ദ്രഗിരി പുഴ മുതല്‍ ഉഡുപ്പി വരെ നീണ്ടുകിടക്കുന്ന തുളുനാടിൻ്റെ നേരവകാശികളായിരുന്നു ചൗധ രാജവംശം.
മംഗലാപുരം ആസ്ഥാനമായി സാമ്രാജ്യ വിസ്തൃതി നടത്തിവന്നിരുന്ന പോര്‍ച്ച്ഗീസുകാരെ രാജകുമാരി ശരിക്കും വെള്ളം കുടിപ്പിച്ചു. എന്തിനേറെ കോഴിക്കോടുള്ള സാമൂതിരിയുമായി പോലും ഉടമ്പടിയിലെത്തി പോര്‍ച്ച്ഗീസുകാര്‍ കൈവശം വെച്ചിരുന്ന മലബാര്‍ തീരത്തെയും ദക്ഷിണ കന്നഡയിലേയും പല പോര്‍ച്ച്ഗീസ് തുരുത്തുകളും തിരിച്ചുപിടിക്കാന്‍ റാണി അബ്ബക്കായി.
ദിഗംബര ജയിന്‍ മതവിശ്വാസികളായിരുന്നു ചൗധ രാജവംശം. തിരുമല റായ ചൗധ എന്ന തുളു രാജാവാണ് 1625ല്‍ തൻ്റെ മരുമകളായ അബ്ബാക്കയെ തുളുനാടിൻ്റെ രാജ്ഞിയായി വാഴിച്ചത്. ലഷ്മപ്പ അരസ എന്ന മംഗലാപുരം സാമന്ത രാജ്യത്തിൻ്റെ അധിപനുമായി റാണി അബ്ബാക്കയുടെ വിവാഹം നടന്നെങ്കിലും വൈകാതെ വേര്‍പിരിഞ്ഞു.
നാല് പതീറ്റാണ്ടോളം പോര്‍ച്ച്ഗീസുകാരുടെ നിരന്തര ആക്രമണങ്ങളില്‍ നിന്ന് റാണി ഉള്ളാള്‍ രാജ്യത്തെ സംരക്ഷിച്ചു. നന്നേ ചെറുപ്പത്തിലേ അമ്മാവനില്‍ നിന്നും ആയോധന കല, ഭരണനൈപുണ്യം, രാഷ്ട്രതന്ത്രം, നയതന്ത്ര വൈദഗ്ദ്യം, ആയുധമുറ, സൈനിക തന്ത്രങ്ങള്‍ എന്നിവ സ്വായത്തമാക്കിയതാണ് അവര്‍ക്ക് കരുത്തായത്.
ഉള്ളാളും പരിസര പ്രദേശങ്ങളിലുമുള്ള മൊഗപ്പീര മുസ്ലീമുകള്‍ റാണിയുടെ സൈന്യത്തിലെ അവിഭാജ്യ ഘടകമായിരുന്നു. റാണി ജൈനമത വിശ്വാസിയായിരുന്നെങ്കിലും സൈന്യത്തിലും ഭരണത്തിലും ഹിന്ദുക്കളും മുസ്ലീമുകളും നിര്‍ണായക പദവികള്‍ അലങ്കരിച്ചിരുന്നു.
വിദേശ രാജ്യങ്ങളുമായി പോര്‍ച്ച്ഗീസുകാരെ ഒഴിവാക്കി കച്ചവട ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഒട്ടും സഹിക്കാനാവുന്നതായിരുന്നില്ല. അറബ് രാജ്യങ്ങളുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട റാണിയേയും ഉള്ളാള്‍ രാജ്യത്തേയും കീഴ്‌പ്പെടുത്താന്‍ റാണിയുടെ ഭര്‍ത്താവായിരുന്ന ലഷ്മപ്പയുമായി പോലും പോര്‍ച്ച്ഗീസുകാര്‍ സന്ധി ചെയ്തു.
1568ല്‍ പോര്‍ച്ച്ഗീസുകാരുടെ തടവിലായ റാണി അബ്ബാക്ക അത്ഭുതകരമായി രക്ഷപ്പെടുകയും അതിസാഹസികമായി ഉള്ളാള്‍ തിരിച്ചു പിടിക്കുകയും ചെയ്തത് ഇന്നും ദക്ഷിണ കന്നഡയില്‍ വീരസാഹസികതയുടെ പര്യായമാണ്. തൻ്റെ ഇരുനൂറിലധികം വരുന്ന എന്തിനും പോരുന്ന മുസ്ലീം ഭന്മാരുടെ സഹായത്തോടെ മംഗലാപുരം കോട്ട പിടിച്ചത് ഇന്നും നാടോടി കലാരൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. യക്ഷഗാന എന്ന നാടന്‍ കലാരൂപത്തിലും സൂത്രഹാര്‍ എന്ന നാടന്‍ പാട്ടുകളിലുമൊക്കെ റാണിയെ വാഴ്ത്തുന്നു.
ബിജാപ്പൂരിലെ സുല്‍ത്താനുമായും കോഴിക്കോട്ടെ സാമൂതിരിയുമായും നയതന്ത്ര ബന്ധം സ്ഥാപിച്ച അബ്ബാക്കാ അവസാനം വരെ പോര്‍ച്ച്ഗീസുകാരെ തടഞ്ഞുനിര്‍ത്തി. ഒടുവില്‍ അവരുടെ തടവിലായിരുന്നപ്പോഴും ഒറ്റക്ക് സമരം നയിച്ചു. മരണവും ആ കാരാഗൃഹത്തിലായിരുന്നു.
ദക്ഷിണ കന്നഡയിലെ ബന്ത്വാല താലൂക്കില്‍ അവരുടെ പേരില്‍ മ്യൂസിയമുണ്ട്. ഉള്ളാലിലും ബംഗളുരുവിലും സ്മാരകങ്ങളുമുണ്ട്. 1570 ല്‍ കോഴിക്കോട്, ബിജാപ്പൂര്‍ ഭരണാധികാരികളുമായി ഉടമ്പടി ഉണ്ടാക്കിയെങ്കിലും വൈകാതെ അവര്‍ പോര്‍ച്ച്ഗീസ് പിടിയിലാകുകയും ജയിലില്‍ മരണപ്പെടുകയായിരുന്നു. 1557ല്‍ മംഗലാപുരം കൊള്ളയടിച്ച് കീഴടക്കിയ പോര്‍ച്ച്ഗീസുകാര്‍ 1568ല്‍ റാണിയുടെ പടയോട്ടത്തില്‍ കീഴടങ്ങിയിരുന്നു.
16ാം നൂറ്റാണ്ടിൻ്റെ ഉത്തരാര്‍ധത്തില്‍ തുളുനാടിനെ പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ച റാണി അബ്ബാക്കാ നാട്ടുമക്കളുടെ നേതൃത്വത്തില്‍ വൈദേശികാക്രമണത്തെ ചെറുത്തു നില്‍ക്കുന്നതിൻ്റെ മുന്നണിപ്പോരാളിയായി തന്നെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് അബ്ബാക്കാ റാണിയെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിത എന്ന വിശേഷണത്തിന് എല്ലാ അര്‍ത്ഥത്തിലും അര്‍ഹയാക്കിയത്.
ലഷ്മപ്പ അരശ എന്ന മുന്‍ഭര്‍ത്താവ് മംഗലാപുരം പ്രവിശ്യയിലെ ബാല്‍ഗയിലെ നാട്ടുരാജാവായിരുന്നു. അടങ്ങാത്ത പക തൻ്റെ മുന്‍ഭാര്യയോട് പുലര്‍ത്തിയ അദ്ദേഹം പോര്‍ച്ച്ഗീസുകാരുമായി നടത്തിയ നീക്കങ്ങളാണ് റാണിയുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചത്. ചതിപ്രയോഗം ഇല്ലായിരുന്നെങ്കില്‍ റാണിയെ പിടികൂടുക ശത്രുക്കള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ലായിരുന്നു.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
നാഷണല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി