കൊടകര കുഴല്‍ പണ കേസിന്റെ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും വിവരം ലഭിച്ചു. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.
ധര്‍മ്മരാജനെ അറിയാമെന്ന് കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നല്‍കി. ഇന്നലെ തൃശൂരില്‍ വിളിച്ച് വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.
ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മജനെ ഏല്‍പ്പിച്ചിരുന്നുവെന്നും പലവ തവണ ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നല്‍കിയ മൊഴി. കെ സുരേന്ദ്രനും ധര്‍മരാജനെ പരിചയമുണ്ടെന്ന് മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇരുവരും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നലെ വിട്ടയച്ചു.