കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം തുടരുന്നതിനിടക്ക് ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്ത് ജില്ല കളക്ടര്‍ ഫേസ്ബുക്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി രംഗത്ത് വന്നിരുന്നു.
സാമൂഹിക സാസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ-വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി-ടൈഫ് സിലിണ്ടറുകള്‍ ജില്ലക്ക് വേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടര്‍ ചലഞ്ചില്‍ ഭാഗമാകണം എന്നായിരുന്നു കളക്ടറുടെ അഭ്യര്‍ത്ഥന.
ഈ പോസ്റ്റിന് താഴെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊവിഡ് ഒന്നാം ഘട്ടത്തില്‍ തന്നെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടാന്‍ പ്രാപ്തമല്ലെന്ന് മനസിലാക്കിയിട്ടും രണ്ടാം ഘട്ടത്തെ നേരിടാന്‍ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ പ്രാവശ്യം കൊട്ടിഘോഷിച്ച് തുറന്ന് കൊടുത്ത മെഡിക്കല്‍ കോളേജിന്റെയും ടാറ്റാ കോവിഡ് ആശുപത്രിയുടേയും ഇന്നത്തെ അവസ്ഥയും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇങ്ങനെ എല്ലാത്തിനും ചലഞ്ച് നടത്താനാണെങ്കില്‍ എന്തിനാണ് ഇവിടെയൊരു ജില്ലാ ഭരണകൂടവും സര്‍ക്കാരുമെന്നാണ് ചിലര്‍ ചോദിക്കുന്നത്.
കേരളത്തില്‍ സര്‍പ്ലസ് ഓക്‌സിജന്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ കാസര്‍ഗോഡ് ജില്ലക്ക് അതിന്റെതായ ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് ജനങ്ങള്‍ പോസ്റ്റിന് താഴെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതെസമയം കളക്ടറെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിലല്ല നമ്മള്‍ പ്രതിഷേധിക്കേണ്ടതെന്നാണ് അവരുടെ വാദം.
എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ചില സ്വകാര്യ ആശുപത്രികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ചികിത്സയിലുള്ള രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതലാണ് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകാന്‍ തുടങ്ങിയത്. ശനിയാഴ്ച മുതല്‍ മംഗളൂരുവില്‍ നിന്ന് കാസര്‍ഗോട്ടേക്കുള്ള ഓക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോട് കൂടിയാണ് പ്രതിസന്ധി ആരംഭിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കുന്നുണ്ടെങ്കിലും കണ്ണൂരില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ബാല്‍കോയുടെ ഉത്പാദനം ജില്ലയിലെ ആവശ്യങ്ങള്‍ക്ക് തന്നെ മതിയാകുന്നില്ല. ദിവസേന 500 ഓളം ഓക്‌സിജന്‍ സിലിണ്ടറുകളാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി ആവശ്യമുള്ളത്. പക്ഷേ ഇതിന്റെ പകുതി പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല. 200 സിലിണ്ടറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.