നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായി ബിജെപിയുടെ നിര്‍ണായക യോഗം ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അതി പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് പ്രാധാന്യമുണ്ട്.
എ ക്ലാസ് മണ്ഡലങ്ങളായി പറയുന്ന തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, പത്തനംതിട്ടയിലെ കോന്നി, കാസര്‍ക്കോട്ടെ മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇരുമുന്നണികളും ഇന്നത്തോടെ സ്ഥാനാര്‍ഥികളുമായി കളത്തില്‍ ഇറങ്ങുമ്പോഴാണ് ബിജെപിയും എന്‍ഡിഎയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ നില്‍ക്കുന്നത്.
സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, വി മുരളീധരന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. നേമത്ത് കുമ്മനം തന്നെയാകും മത്സരിക്കുക എന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ കൊണ്ടുവന്നാല്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് കുമ്മനത്തെ മാറ്റിയേക്കും. തൃശൂരില്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ഗുരുവായൂര്‍ ആണെങ്കില്‍ ആകാം എന്ന നിലാപ്ടിലാണ് സുരേഷ് ഗോപി. അത് ബിജെപിക്ക് സ്വീകാര്യമല്ല.