വൈ.എസ്.ആറിനേക്കാളും കരുണാനിധിയേക്കാളും വലിയ സമ്പന്നനാണ് കേരള മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെ അതിസമ്പന്നനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ലാലുവിനെ പോലും കടത്തിവെട്ടി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി പിണറായി മാറി. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആസ്തിയെ കുറിച്ച് വിശദമായ അന്വേഷണം വേണം. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരിയുടേയും മക്കളുടേയും അനധികൃത സ്വത്തുവകകളെ കുറിച്ചും അന്വേഷിക്കണം.
വ്യവസായ പൊലീസിനെ ഇറക്കി സെക്രട്ടറിയേറ്റ് അടച്ചുപൂട്ടിയാലൊന്നും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിനും സീതാറാം യെച്ചൂരിക്കും പിണറായിയെ ചോദ്യം ചെയ്യാനുള്ള ആർജവം ഇല്ല. എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരും വരെ ബി.ജെ.പിയുടെ സമരം തുടരും.
കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളത്തിൽ നടപ്പിലായ സർക്കാരിന്റെ എല്ലാ പദ്ധതികളും പിണറായിക്കും കുടുംബത്തിനും പണം ഉണ്ടാക്കാനുള്ള ഉപാധിയായിരുന്നു. സ്മാർട്ട്സിറ്റിയുടെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കണക്കാക്കിയിരുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുകൊടുക്കാനുള്ള ഗൂഢാലോചന പിണറായി വിജയനും ശിവശങ്കരനും നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കെ-ഫോൺ പദ്ധതിയിലും ലൈഫിന് സമാനമായ അഴിമതി നടന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ ശതകോടികളുടെ അഴിമതി നടത്തി. അതിന്റെ ഒരു ഭാഗം സർക്കാരിലേക്കും പാർട്ടി നേതാക്കളിലേക്കും പോയിരിക്കുകയാണ്. ലൈഫ് അഴിമതിയിലെ അഞ്ച് ഫോണുകളെ പറ്റിയാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. അതിൽ രണ്ട് ഫോണുകൾ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണ് കിട്ടിയത് എന്ന് തെളിഞ്ഞു. ബാക്കിയുള്ള ഒരു ഫോൺ എവിടെ പോയെന്ന് അറിയാൻ ക്ലിഫ് ഹൗസിലേക്ക് പോയാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായതോടെ കരിനിയമങ്ങളും കള്ളക്കള്ളിയും ഗൂഢാലോചനയും കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തിയ സമരശ്യംഖല സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, എസ്.സുരേഷ് എന്നിവർ സംസാരിച്ചു.
മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനപാതയിലും 50 മീറ്റർ അകലത്തിൽ 5 പേരാണ് ശ്യംഖലയിൽ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച സമരശ്യംഖല പിണറായി സർക്കാരിനുള്ള താക്കീതായി മാറി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ എന്നിവർ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ കൊല്ലം, ജോർജ് കുര്യൻ പത്തനംത്തിട്ട, സി.കൃഷ്ണകുമാർ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളിൽ ശ്യംഖലയിൽ അണിനിരന്നു.