പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യാനും സേനയില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 144 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയെന്നത് സര്‍ക്കാരിന് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ ഉദ്ദേശ്യത്തോടെയാണ് കൂടുതല്‍ വനിതകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്തതും. 2017 ല്‍ വനിതാ സായുധ ബറ്റാലിയന് രൂപം നല്‍കി. അതിന്റെ ഭാഗമായുള്ള റിക്രൂട്ട്‌മെന്റില്‍പ്പെട്ടതാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചും.
ആധുനിക കാലത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നവരാണ് പോലീസുകാരെന്നും സേനാംഗങ്ങളെ ഇതിന് പ്രാപ്തരാക്കുന്നതില്‍ ഒന്‍പതു മാസത്തെ പരിശീലനത്തിന് വലിയ പ്രാധാന്യമാണുളളത്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണെന്നും അതിനനുസൃതമായ അറിവ് സമ്പാദിക്കാന്‍ പുതിയ സേനാംഗങ്ങള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വെള്ളായണി സ്വദേശിനി പി.കെ ഗീതു ആയിരുന്നു പരേഡ് കമാന്‍ഡര്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി യു.വി അനൂജ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി.
പരിശീലന കാലയളവില്‍ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ഇന്‍ഡോര്‍ കേഡറ്റായി എം.ആര്‍ ശ്രുതിയും മികച്ച ഷൂട്ടറായി ജെ. ദൃശ്യയും തിരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമാന്‍ഡറായ പി.കെ ഗീതു മികച്ച ഔട്ട് ഡോര്‍ കേഡറ്റ്, ഓള്‍ റൗണ്ടര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടി.
മേനംകുളം ആസ്ഥാനമായുള്ള വനിതാ പോലീസ് ബറ്റാലിയനിലേക്ക് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കി ഭാഗമാകുന്ന സേനാംഗങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയായ 40 പേരും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദധാരികളായ 78 പേരും ബിടെക് ബിരുദ ധാരികളായ 13 പേരും ബി.എഡ് ബിരുദധാരിയായ 7 പേരും പ്ലസ്ടു യോഗ്യതയുള്ള മൂന്ന് പേരും ഡിപ്ലോമ യോഗ്യതയുള്ള ഒരാളുമാണ് ഉള്ളത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍, കേരള സായുധ വനിതാ പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് ഇന്‍ ചാര്‍ജ് ഷഹന്‍ഷാ, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ കെ. സേതുരാമന്‍, മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.