ബലൂചിസ്താൻ, മോദിയുടെ പ്രസ്താവനയുടെ ഉള്ളറകള്‍

0

ഡോ. സന്തോഷ് മാത്യു എഴുതുന്നു

കറാച്ചി വാഴ്സിറ്റി വളപ്പിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ, അധ്യാപകരെ കൊണ്ടുവന്ന വാനിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 3 ചൈനക്കാർ അടക്കം 4 പേർ കൊല്ലപ്പെട്ടതോടെ ബലൂച് പ്രശ്നങ്ങൾ  ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്.പാകിസ്താനിലെ കറാച്ചിയിൽ സർവകലാശാലാ പരിസരത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം വിഘനവാദസംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.) ഏറ്റെടുത്തു കഴിഞ്ഞിരിക്കയാണ്.ചൈനയെ ലക്ഷ്യമിട്ടുള്ളതാണ് ആക്രണമെന്നാണ് നിഗമനം.

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് എതിരായ ബി.എൽ.എ. മുൻപും ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.ജൂലായിൽ ചൈനീസ് എൻജിനിയർമാർ സഞ്ചരിച്ച ബസിനുനേരെ ബി.എൽ.എ. നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തങ്ങളുടെ ആദ്യ വനിതാ ചാവേറായ ഷാരി ബലോചാണ് സ്ഫോടനം നടത്തിയതെന്ന് അറിയിച്ചിരുന്നു.ബലൂചിസ്‍താനിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ചൈനക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ബലൂചികളെ വംശഹത്യ നടത്താൻ പാകിസ്താൻ സൈന്യത്തിന് സാമ്പത്തികമായും മറ്റും നൽകുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അവരുടെ ബലൂചിസ്താനിലെ വിപുലീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്.ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു ചൈനക്കാർ ബലൂചിസ്ഥാനിൽ പണിയെടുക്കുന്നുണ്ട്. ബലൂചിസ്താൻ പ്രവിശ്യയിലെ ബലൂചികൾക്കായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടു കൊണ്ട് ആയുധമെടുത്ത സംഘടനയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി. ചെമ്പ്, സ്വർണം, പ്രകൃതിവാതകം, കൽക്കരി നിക്ഷേപങ്ങളാൽ സന്പന്നമാണ് പ്രദേശം. ചൈന പ്രാദേശിക വിഭവങ്ങൾ ചൂഷണം ചെയ്യുന്നെന്നാണ് വിഘടനവാദികളുടെ ആരോപണം

പാക്കിസ്താനിലെ ഏറ്റവും വലിയ സംസ്ഥാനമായ ബലൂചിസ്ഥാനില്‍ അസ്വസ്തകള്‍ പടരുമ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതീവ സന്തോഷത്തിലാണ്. കാരണം 42 ശതമാനത്തോളം പാക്കിസ്താന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വലിയ സംസ്ഥാനത്തുണ്ടാകുന്ന ഓരോ അസ്വസ്ഥതയും അവര്‍ നമ്മുടെ കാശ്മീരില്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണ്. ഇന്ത്യാ വിഭജനത്തോളവും പാക്കിസ്താന്‍ രൂപീകരണത്തോളവും പഴക്കമുണ്ട് ബലൂചിസ്ഥാനിലെ വിഘടനവാദത്തിനും സ്വയം ഭരണം എന്ന മുദ്രാവാക്യത്തിനും.

ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്യ ദിന പ്രസംഗത്തില്‍ ബലൂചിസ്താനെ പേരെടുത്ത് പരാമര്‍ശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ലോകമാധ്യമങ്ങളടക്കം അതീവ ഗൗരവത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്താന്‍, പാക്ക് അധിനിവേശ കശ്മീര്‍, ഗില്‍ഗിത് എന്നിവിടങ്ങളിലെ ജനങ്ങള്‍ തന്റെ സര്‍ക്കാരിന് അഭിവാദ്യവും നന്ദിയും അര്‍പ്പിച്ചുവരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സ്വാതന്ത്യാനന്തര ഭാരതത്തിലെ വിദേശ നയത്തിന്റെ ആണിക്കല്ലായ ചേരിചേരാ നയത്തിന്റേയും പഞ്ചശീലതത്വങ്ങളുടേയും വ്യതിയാനമാണ് മോദിയുടെ പരാമര്‍ശത്തെ വീവക്ഷിക്കപ്പെടുന്നത്.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്ന ഏഴ് പതീറ്റാണ്ട് തുടര്‍ന്ന ഔദ്യോഗിക നിലപാടിനാണ് നരേന്ദ്ര മോദി അന്ത്യം കുറിച്ചത്. ഭരണസാരഥ്യമേറ്റെടുത്തത് മുതല്‍ ദക്ഷിണേഷ്യയുടേയും അതുവഴി ലോക നേതൃത്വത്തിന്റേയും മുന്‍നിരയിലെത്താം എന്ന മോദിയുടെ അജണ്ടക്ക് തിരിച്ചടിയാണ് ബലൂചിസ്താന്‍ പരാമര്‍ശം എന്ന് വീക്ഷിക്കുന്നവരുമുണ്ട്. കശ്മീര്‍ വിഷയം അന്തര്‍ദേശീയ തലത്തില്‍ പാക്കിസ്താന്‍ ഉയര്‍ത്തുമ്പോഴൊക്കെ മൂന്നാംകക്ഷിക്ക് കശ്മീരില്‍ കാര്യമില്ല എന്ന ഇന്ത്യന്‍ കുലീന നിലപാടിന്റെ അടിത്തറ മാന്തുന്നതാണ് ബലൂചിസ്താന്‍ എന്നാണ് ഇവര്‍ കരുതുന്നത്.

ഇന്നത്തെ പാക്കിസ്താന്‍, അഫ്ഘാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന ബലൂച് വംശജര്‍ക്കായി തനിയെ ഒരു രാജ്യം എന്നതാണ് ബലൂച് ദേശീയതയുടെ അടിത്തറ. എന്നാല്‍ ആകെയുള്ള ബലൂച് വംശജരില്‍ കേവലം 2.5% മാത്രമേ ഇന്നത്തെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ താമസിക്കുന്നുള്ളു. പാക്കിസ്താനിലെ ജനസംഖ്യയുടെ കേവലം 5% ആളുകള്‍ മാത്രമേ ബലൂചിസ്താനിലുള്ളൂ. എന്നാല്‍ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ബലൂചിസ്താന് ലോക ഭൗമ രാഷ്ട്രീയത്തിലും സുപ്രധാന പങ്കുണ്ട്.

എണ്ണയും പ്രകൃതിവാതകവും സ്വര്‍ണവും ചെമ്പും ധാരാളം ഉള്ള മേഖലയാണ് ബലൂചിസ്താന്‍. 1947 വരെ ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലായിരുന്ന സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന ബലൂചിസ്താനെ 1948ല്‍ പാക്കിസ്താനോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

1971 ല്‍ ബംഗ്ലാദേശിനെ സൃഷ്ടിച്ച മാതൃകയില്‍ ആയുധവും സൈനിക സഹായവും സാങ്കേതിക വിദ്യയും നല്‍കി ബലൂചിസ്താന്‍ വിഘടനവാദികളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പാക്കിസ്താന്റെ പ്രധാന പരാതികളിലൊന്ന്. ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭകര്‍ക്ക് പരസ്യ പിന്തുണയും പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുക വഴി പാക്കിസ്താനില്‍ നിന്ന് ഒരു പ്രദേശം കൂടി ഇന്ത്യ അടര്‍ത്തി മാറ്റാന്‍ പോകുന്നു എന്ന പ്രതീതി ലോകത്ത് ജനിപ്പിക്കുന്നതിനും മോദിയുടെ പരാമര്‍ശം നിമിത്തമായിട്ടുണ്ട്. മോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബലൂച് നഗരങ്ങളായ സൂയി, ദേര ബക്തി, ജാഫരാബാദ്, നാസിരാബാദ് എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ വരെ നടന്നുകഴിഞ്ഞു.

കടുത്ത അവഗണനയും ചൂഷണവും പാക്കിസ്താന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തങ്ങള്‍ നേരിടുന്നുവെന്നാണ് ബലൂചികളുടെ മറ്റൊരുവാദം. പ്രകൃതി വിഭവങ്ങളില്‍ മേലുള്ള നിയന്ത്രണം ബലൂചികള്‍ക്ക് നിഷേധിക്കുന്നതും പ്രതിഷേധം ആളിക്കത്തുന്നതിന് കാരണമാകുന്നു. ഭൗമ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പാക്കിസ്താന്റെ എക്കാലത്തേയും മികച്ച് കൂട്ടാളിയായ ചൈനക്കും ബലൂചിസ്താനില്‍ താല്‍പ്പര്യമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തെ വകഞ്ഞുമുറിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അറബിക്കടലിനോട് ചേര്‍ന്ന ഗദ്വര്‍ എന്ന സ്ഥലത്ത് നാവികത്താവളം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ചൈന ഇപ്പോള്‍.

4620 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ ചൈന നിര്‍മിക്കുന്ന നാവികത്താവളത്തിന് ബലൂചിസ്താനിലുണ്ടാകുന്ന ഏതൊരു അസ്വസ്തതയും കടുത്ത നഷ്ടങ്ങളായിരിക്കും വരുത്തിവെയ്ക്കുക. മാത്രമല്ല ചൈനക്ക് വളരെ താല്‍പ്പര്യമുള്ള one belt, one road പദ്ധതി നടപ്പാവേണ്ടതിനും ബലൂചിസ്താന്‍ സമാധാനം അത്യാവശ്യമാണ്. എന്നാല്‍ സ്വത്വത്തിനും സ്വയംഭരണത്തിനുമുള്ള ബലൂചികളുടെആവശ്യം ഇനിയും അവഗണിക്കാന്‍ കഴിയില്ല എന്ന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യയിപ്പോള്‍.

കഴിഞ്ഞ ഏഴ് പതീറ്റാണ്ടായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ RAW അഫ്ഘാ നിസ്താന്‍ കേന്ദ്രമായ ബലൂച് വിഘടന വാദികള്‍ക്ക് ആളും അര്‍ഥവും നല്‍കുന്നതായാണ് പാക്കിസതാന്റെ ഇപ്പോഴത്തെ പ്രധാന ആരോപണം. അഫ്ഗാനിലെ മുഖ്യരാഷ്ട്രീയ നേതാക്കളുടെ മൗനസമ്മതത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളായ കണ്ടഹാര്‍, ജലാലാബാദ് എന്നിവ കേന്ദ്രീകരിച്ച് ആയുധ കൈമാറ്റം, തീവ്രവാദ പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഇന്ത്യ നല്‍കുന്നുണ്ടെന്ന് പാക്കിസ്താന്‍ ആരോപിക്കുന്നു. ഇന്ത്യയാകട്ടെ ഇത് കശ്മീര്‍ പ്രശ്‌നത്തിനുള്ള മറുമരുന്ന് എന്ന നിലക്ക് പ്രഖ്യാപിക്കുന്നു. മോദിയുടെ പ്രസ്താവനയെ ഇങ്ങനെ വ്യാഖ്യാനിക്കുന്നവരും ഉണ്ട്.

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (BLA) യെ 2006 മുതല്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ് പാക്കിസ്താന്‍. എന്നാല്‍ ഇന്ത്യയും യുഎഇയും പല കാരണങ്ങളാലും അവരെ സഹായിക്കുന്നു. പ്രത്യേകിച്ചും ചൈനയുടെ കടന്നുകയറ്റം ഗദ്വാര്‍ വഴിയുള്ളത് തടയുക എന്ന പ്രധാന അജണ്ട ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. ഗദ്വാര്‍ യാഥാര്‍ത്ഥ്യമായാല്‍ പാക്ക് അധിനിവേശ കശ്മീര്‍ വഴി ഇറാനില്‍ നിന്ന് വളരെയെളുപ്പത്തില്‍ ചൈനക്ക് പ്രകൃതി വാതകം എത്തിക്കാനാകും.


69 ലക്ഷത്തോളം വരുന്ന ബലൂച് വംശജര്‍ ഇന്ന് ഇറാന്‍, അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍ എന്നിവിടങ്ങളിലായി ചിതറി കിടക്കുകയാണ്. നവാബ് ബുക്തി എന്ന അക്‌സര്‍ ഷാ അബ്ബാസ് ഖാന്‍ ബുക്തിയാണ് ബലൂച് ദേശീയത   ഉയര്‍ത്തി കൊണ്ട് വന്നവരില്‍ പ്രധാനി. എന്നാല്‍ 2006 ആഗസ്റ്റ് 26 ന് പര്‍വേശ് മുശരഫിൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പാക്ക് സൈന്യം അദ്ദേഹത്തെ മൃഗീയമായി വധിച്ചു. കൂടാതെ മുശരഫിൻ്റെ കിരാത ഭരണകാലത്ത് ഒട്ടേറെ ബലൂച് നേതാക്കള്‍ അപ്രത്യക്ഷരായി.

സാമ്പത്തികമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ് ബലൂചികള്‍. നവാബ് ബുക്തിയുടെ ചെറുമകന്‍ ബ്രഹുംഭാഗ് ബുക്തിയാണ് ഇന്ന് ബലൂചകളുടെ നേതാവ്. ബലുച് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്വയം പ്രഖ്യാപിത നേതാവ് കൂടിയാണ് അദ്ദേഹം. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടക്കുന്ന പല വിഘടന പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നതായി പറയുന്നു. ഇതിന് ഇന്ത്യന്‍ സഹായം ഉണ്ടെന്നാണ് പാക്ക് ആരോപണം.

ബലൂച് പരാമര്‍ശം ഭൗമരാഷ്ട്രീയ കാരണങ്ങളാല്‍ പാക്കിസ്താന് നേരെ മാത്രമുള്ള അമ്പല്ല, അതിന്റെ ആത്യന്തിക ലക്ഷ്യം ചൈനയുടെ ദക്ഷിണേഷ്യയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനുള്ള മുന്നൊരുക്കമാണ് എന്നും വ്യാഖ്യാനിക്കുന്നു. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍ സ്വാതന്ത്യത്തിന് മുന്‍പ് കശ്മീര്‍ മഹാരാജാവിന്റെ നിയന്ത്രണത്തില്‍ കീഴിലായിരുന്നു. അതിനാല്‍ അവര്‍ക്കും മോദിയുടെ അഭിവാദ്യമുണ്ട്.

ബലൂചിസ്താന്‍ ഒരു അക്ഷയഖനിയാണ്. സ്വര്‍ണം ചെമ്പ് തുടങ്ങിയവയുടെ വലിയ ശേഖരം അവിടെയുണ്ട്. 1998ല്‍ പാക്കിസ്താന്‍ അവരുടെ ആദ്യ ആണവ പരീക്ഷണം നടത്തിയത് ബലുച് പ്രവിശ്യയിലെ ഛാഗായ് ജില്ലയിലായിരുന്നു. ചൈനയുടെ 46 ബില്ല്യണ്‍ മുതല്‍മുടക്കിലുള്ള one belt one road പദ്ധതിയില്‍ xinjing നെ ഗദ്വാര്‍ തുറമുഖമായും അതുവഴി ഗള്‍ഫ് മേഖലയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ബലൂച് സമാധാനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ചൈനീസ് പത്രമായ global times അസന്നിഗ്ദമായി പറഞ്ഞത് കശ്മീര്‍ കാര്യത്തില്‍ തങ്ങള്‍ നിക്ഷ്പക്ഷരാണെന്ന്.

ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി