ഡോ. സന്തോഷ് മാത്യു എഴുതുന്നു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുല്‍ കലാം ആസാദിൻ്റെ ജന്മദിനമായ നവംബര്‍ 11 രാജ്യമൊട്ടാകെ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുകയാണ്. 1888 ല്‍ മക്കയില്‍ ജനിച്ച അബ്ദുല്‍ കലാം തികച്ചും ഒരു വിശ്വപൗരനായിരുന്നു.
അഫ്ഘാനിസ്ഥാനില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറിയ പിതാവും അറേബ്യന്‍ വംശജയായ അമ്മയും മകന് മികച്ച വിദ്യാഭ്യാസവും മതേതര കാഴ്ചപ്പാടും ഉണ്ടാക്കുന്നതില്‍ ചെറുപ്പം മുതലേ ശ്രദ്ധിച്ചു.
നന്നേ ചെറുപ്പത്തിലെ ദേശീയ വിമോചന സമരത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയ അബ്ദുല്‍ കലാമാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡണ്ടായി തീര്‍ന്നത്. 1923ല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയപ്പോള്‍ 35 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. പിന്നീട് മൂന്ന് തവണ കൂടി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവയിലില്‍ എത്തുകയും ചെയ്തു.
മൗലാന അബ്ദുല്‍ കലാം ആസാദിന്റെ പേരിൻ്റെ നീട്ടത്തിന് പിന്നിലെ കഥ രസകരമാണ്. ആസാദ് അദ്ദേഹത്തിൻ്റെ തൂലികാ നാമവും മൗലാന അദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തെ ആദരിച്ചു നല്‍കിയ പദവിയുമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മറ്റെല്ലാ പ്രമുഖ നേതാക്കളേയും എന്നതുപോലെ അബ്ദുല്‍കലാമും തൻ്റെ പൊതുജീവിതം ആരംഭിച്ചത് പത്രപ്രവര്‍ത്തകനായിട്ടാണ്. 1912ല്‍ അല്‍ഹിലാല്‍ എന്ന പേരില്‍ പത്രം ആരംഭിച്ചെങ്കിലും 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസ് കണ്ടുകെട്ടി. വീണ്ടും അല്‍ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും കേവലം അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പ്രസ് സര്‍ക്കാര്‍ അടപ്പിച്ചു.
ദേശീയവാദിയായ മുസ്ലീം എന്ന നിലക്കാണ് ഇന്ത്യ ചരിത്രത്തില്‍ അബ്ദുല്‍ കലാം സ്മരിക്കപ്പെടുന്നത്. ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച വ്യക്തി കൂടിയായിരുന്നു. മുഹമ്മദലി ജിന്ന കോണ്‍ഗ്രസിന് എതിരായതോടെ മൗലാന ആസാദ് പ്രമുഖനായ ദേശീയ കോണ്‍ഗ്രസ് നേതാവായി മാറി.
സ്വാതന്ത്ര്യ സമര പാരമ്യത്തിലെത്തിയ ക്രിപ്‌സ് മിഷന്‍, വേവ്വല്‍ പ്ലാന്‍, കാബിനറ്റ് മിഷന്‍ തുടങ്ങിയ അധികാര കൈമാറ്റ കൂടിയാലോചനകളിലെല്ലാം സജീവമായി പങ്കെടുക്കാനും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മൗലാന ആസാദ് അക്ഷീണം പ്രയത്‌നിച്ചു.
ഇതൊക്കെ തന്നെയാണെങ്കിലും ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ മൗലാന ആസാദ് സ്മരിക്കപ്പെടുക സ്വതന്ത്ര ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതില്‍ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലക്ക് തന്നെയാണ്. 1947ല്‍ രൂപവല്‍ക്കരിച്ച ഇടക്കാല സര്‍ക്കാരിലും സ്വാതന്ത്യവബ്ധിക്ക് ശേഷം 1956 വരെ വിദ്യാഭ്യാസ എന്ന നിലക്കും അത്യുജ്ജല ഭരണ നൈപുണ്യമാണ് അബ്ദുല്‍ കലാം പ്രകടിപ്പിച്ചത്.
സര്‍വകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ഗവേഷണ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കാനും യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും 1953ല്‍ രൂപീകരിച്ച യുജിസി അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിന്റെ ഭരണതലപ്പത്താകട്ടെ മലയാളിയായ ഡോ. ജോണ്‍ മത്തായി എന്ന പ്രഗത്ഭനെ കണ്ടെത്തിയതും നിയമിച്ചതും മൗലാന ആസാദ് തന്നെ.
ശാസ്ത്രസാങ്കേതിക രംഗത്ത് വികസന കുതിപ്പുകള്‍ക്ക് ഊര്‍ജം പകരാന്‍ ഐഐടികള്‍ എന്ന ആശയം മുമ്പോട്ട് വച്ചതും 1951ല്‍ ഇതിൻ്റെ ചുവട് പിടിച്ചുകൊണ്ട് ഡല്‍ഹി ഐഐടി സ്ഥാപിക്കുന്നതില്‍ മുന്നിട്ടിറങ്ങിയതും ശ്രദ്ധേയമായ നടപടിയായി.
ബംഗളുരുവിലെ ഐഐഎസ്സി വികസനത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കുകയും കൂടുതല്‍ കൂടുതല്‍ ഐഐടികള്‍ വിഭാവനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷന്‍ ആണ് പിന്നീട് ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള പ്രശസ്തമായ വിദ്യാഭ്യാസ വകുപ്പായി രൂപാന്തരം പ്രാപിച്ചത്.
വിദ്യാഭ്യാസം നഗര കേന്ദ്രീകൃതമായാല്‍ പോരാ, ഗ്രാമങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം എന്ന പക്ഷക്കാരനായിരുന്നു മൗലാന ആസാദ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കും വിദ്യാര്‍ഥിനികളുടേയും വിദ്യാഭ്യാസ പുരോഗതിയില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധപുലര്‍ത്തി. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിലും അതീവ ശ്രദ്ധാലുവായിരുന്നു അബ്ദുല്‍കലാം. മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ നിന്നകന്ന് നിന്നിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി 1950കളില്‍ തന്നെ അദ്ദേഹം നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു എന്നത് ഇന്നത്തെ ഭരണാധികാരികളും ന്യൂനപക്ഷ നേതാക്കളും ഓര്‍ക്കേണ്ടതാണ്. ഡല്‍ഹിയിലെ പ്രശസ്തമായ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും സ്ഥാപനവും വളര്‍ച്ചയും അതില്‍ അദ്ദേഹത്തിൻ്റെ ഇടപെടലുകളും പ്രത്യേകം സ്മരിക്കേണ്ടതാണ്.
ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ സാര്‍വദേശീയ വിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസ മേഖലക്കുള്ള ഊന്നല്‍, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിലധിഷ്ടിത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ മുമ്പോട്ട് വയ്ക്കാനും നടപ്പാക്കാനും സാധിച്ചു എന്നത്, തികച്ചും ആധുനിക ഇന്ത്യയുടെ ശല്‍പ്പികളില്‍ ഒരാള്‍ എന്ന സ്ഥാനം അലങ്കരിക്കാന്‍ മൗലാന ആസാദിന് വകനല്‍കുന്നു. ഇതൊക്കെ കൊണ്ടാവാം വൈകിയെങ്കിലും 1992ല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടത്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ മുന്‍നിര പോരാളികളില്‍ ഒരാള്‍, പത്രസ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തലാക്കേണ്ടിവന്ന ധിഷണാശാലിയായ പത്രാധിപര്‍, 1919ലെ റൗലക്ട് ആക്ടിന്റെ നിശിതമായ വിമര്‍ശകന്‍, മുസ്ലീം -ഹിന്ദു മൈത്രിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ദേശീയ മുസ്ലീം, 1940-45 കാലഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ അധ്യക്ഷന്‍, കോളനിവത്ക്കരണത്തിനെതിരെ മുസ്ലീം യുവതയെ പോരാടാന്‍ പ്രേരിപ്പിച്ച നേതാവ്, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷിയുടെ ഉപാധ്യക്ഷന്‍ എന്ന നിലയിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.
നവഭാരത ശില്‍പ്പികളിലൊരാളായ അബ്ദുല്‍കലാം 1958 ഫെബ്രുവരി 22ന് വിട്ടുപിരിയുന്നതു വരെ അക്ഷീണം ഇന്ത്യന്‍ ദേശീയ നേതാവായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ. ഹുമയൂണ്‍ കബീര്‍, 1957 -65 കാലയളവിലെ വിദ്യാഭ്യാസ മന്ത്രി, കലാമിന്റെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു (India win freedonm) എന്നായിരുന്നു ആത്മകഥയുടെ പേര്.
നല്ലൊരു ഗ്രന്ഥകാരനും മികച്ച വാഗ്മിയും ആയിരുന്ന മൗലാന ആസാദിന്റെ ജന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാ, പ്രവര്‍ത്തകരും ഏറെ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മൗലാന ആസാദിന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പ്രസക്തി ഏറി വരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി