എത് സര്‍ക്കാരായാലും പണം അല്ലെങ്കില്‍ വരുമാനം തന്നെയാണ് പ്രധാന ആവശ്യം. അതിപ്പോള്‍ മദ്യം വിറ്റായാലും പെട്രോള്‍ വിറ്റായാലും പണം ലഭിച്ചാല്‍ മതി. ആപത്ത് കാലത്ത് നാട്ടുകാരുടെ കയ്യില്‍ ചെലവഴിക്കാന്‍ പണമുണ്ടോ അല്ലെങ്കില്‍ കോവിഡ് 19 കാലത്ത് ജനങ്ങളുടെ പ്രതിരോധ സംവിധാനം തന്നെ തകരുമോ എന്നൊന്നും നോക്കേണ്ട കാര്യമില്ല.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന് നമ്പ്യാര്‍ പാടിയപോലെയാണ് ഭരണാധികാരികള്‍. അതുകൊണ്ട് ഇവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാടിയ പാട്ടുകളൊക്കെ വെറുതെ ഓര്‍ക്കരുത്. അത് പ്രതിപക്ഷ ധര്‍മ്മം ഇത് ഭരണപക്ഷ വ്യാഖ്യാനം. അങ്ങനെയെ കാണാവൂ…അല്ലെങ്കില്‍ ഓരോ പാര്‍ടിക്കാരുടേയും ന്യായീകരണ തൊഴിലാളി സംഘങ്ങള്‍ അപ്പപ്പോള്‍ ഇറക്കുന്ന വാദമുഖങ്ങള്‍ കേട്ട് ചിരിച്ചാലും മതി.
മദ്യം കോവിഡ് 19 കാലത്ത് ജനങ്ങള്‍ക്ക് ഉപകാരമാണെന്ന് മനസിലാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നത്. കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് കുടിയന്മാരുടെ ബുദ്ധിമുട്ട് മാറ്റാന്‍ മനസലിവുള്ള മന്ത്രിമാര്‍ ഉള്ള നാട്. ശാസ്ത്രജ്ഞനായ മന്ത്രി ഇ പി ജയരാജനൊക്കെ ഇതിനെ കുറിച്ചെല്ലാം വളരെ ബോധവാനാണ്. ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടക്കലല്ല, മറിച്ച് ജനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ മദ്യവും സഹായിക്കുമെന്ന് സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളുടെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടാവും. ഇതൊന്നും അറിയാത്ത ചെന്നിത്തല തുടങ്ങിയ പ്രതിപക്ഷ സിംഹങ്ങള്‍ വെറുതെ സര്‍ക്കാരിനെ തെറി പറയുകയാണ്. പാവം സര്‍ക്കാര്‍..ജനങ്ങളുടെ പ്രതിരോധ ശേഷിയാണ് മദ്യം വിറ്റ് ഉയര്‍ത്തുന്നത്.
പിന്നെ ആളുകള്‍ക്ക് എന്തും പറയാം. ബീവറേജ് ഔട്ടലെറ്റുകളില്‍ ആളുകള്‍ കൂടില്ലേ..വൈറസ് പടരില്ലേ..മദ്യം കുടിക്കുന്നവരുടെ പ്രതിരോധ സംവിധാനം തകരില്ലേ.. അങ്ങനെ..അങ്ങനെ..കുറെ മണ്ടന്‍ ചോദ്യങ്ങള്‍…സര്‍ക്കാരിന്റെ തന്നെ നിര്‍ദേശങ്ങള്‍ക്ക് തന്നെ എതിരല്ലേ..ബീവറേജസ് പ്രവര്‍ത്തനം എന്ന് ചോദിക്കുന്ന മണ്ടന്മാരും കാണും..സാരമില്ല..മണ്ടന്മാര്‍ ഉത്തരം അര്‍ഹിക്കുന്നില്ല.
ഡിഫി കുഞ്ഞുങ്ങളും..മഹിളാമണികളും എന്തേ മദ്യ വില്‍പ്പനയെ എതിര്‍ക്കാത്തത് എന്ന് ചോദിക്കുന്നവരും ഉണ്ടാകും….അവരോട് എന്ത് പറയാന്‍. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞു കൊടുക്കാന്‍ ഈ ചോദ്യം ചോദിക്കുന്നവര്‍ക്ക് കഴിയുമോ.. ഇല്ലല്ലോ.. അപ്പോള്‍ മിണ്ടാതിരിക്കുക…ഓരോ സ്ഥാനത്തെത്താനുള്ള പാട് അവര്‍ക്കേ അറിയൂ…
മദ്യവില്‍പ്പനയെ എതിര്‍ക്കാന്‍ പറ്റില്ല…എന്നുവെച്ച് എന്തിനെയെങ്കിലും എതിര്‍ക്കണ്ടെ…വേണം.. ഇന്ധനവില ലോകത്താകമാനം കുറഞ്ഞപ്പോള്‍ ആ ഗുണം ജനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കാം. പണ്ട് ഗ്യാസ് കുറ്റിയുമായി ഇറങ്ങിയ ശോഭേച്ചിയോ സ്‌കൂട്ടര്‍ തള്ളിയ മുരളിയേട്ടനോ പ്രതിഷേധിക്കാന്‍ വരില്ലല്ലോ..അപ്പോള്‍ നമുക്ക് പ്രതിഷേധിക്കാം.
ഈശ്വരാ ഇന്ധനവില ഇനിയും കൂട്ടിക്കോട്ടെ..പക്ഷെ ആ വി മുരളീധരനെ കൊണ്ട് ന്യായീകരിപ്പിക്കാതെ ഇരിക്കാനുള്ള സ്‌നഹേമെങ്കിലും പ്രധാനമന്ത്രിയും അമിത് ഷായും കാട്ടിയാല്‍ മതി. അദ്ദേഹം പറഞ്ഞത് കേട്ട് മനസിലാവാതെ നില്‍ക്കുന്ന വി വി രാജേഷ് അടക്കമുള്ളവരുടെ ആ ദയനീയ നോട്ടമുണ്ടല്ലോ..അത് മറക്കാന്‍ പറ്റുന്നില്ല…ന്യായീകരണ തൊഴിലാളിയായാല്‍ എന്തൊക്കെ വേഷം കെട്ടണം…നാട്ടുകാരുടെ മുന്നില്‍ മണ്ടനാവണം, മണ്ടനായി അഭിനയിക്കണം. മുഴുവന്‍ ജനങ്ങളും കളിയാക്കുമ്പോഴും ട്രോളുമ്പോഴും..കുലുങ്ങാതെ നില്‍ക്കണം. എന്നാലും എന്റെ മുരളിയേട്ടാ..പാവം ഇപ്പോള്‍ സ്വയം ഏകാന്തവാസം അനുഭവിക്കുകയല്ലേ..
കേരളത്തിന്റെ ചെലവുകള്‍ പരിഹരിക്കാന്‍ മദ്യവും ലോട്ടറിയുമേ ഉള്ളൂ എന്ന ഐസക്കിന്റെ തിയറിയും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മരുന്നാണ് ഇന്ധനവില്‍പ്പനയെന്ന കേന്ദ്ര തിയറിയും ഒരേ പുസ്തകത്തില്‍ നിന്നുള്ളതാണ്. കുഞ്ചന്‍ നമ്പ്യാരുടെ പഴയ പുസ്തകത്തില്‍ നിന്ന്. നമുക്കും കിട്ടണം പണം.