ഡോ. സന്തോഷ് മാത്യു എഴുതുന്നു
മെയ് 3, അന്തര്‍ദേശീയ പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ് ലോകമെമ്പാടും. 1948ല്‍ യുഎന്‍ പൊതുസഭ പാസ്സാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19ാം ആര്‍ട്ടിക്കളിൻ്റെ ചുവട് പിടിച്ചാണ് 1998 മുതല്‍ യുഎന്‍ പൊതുസഭയും യുനെസ്‌ക്കോയും മാധ്യമ സ്വാതന്ത്യത്തിനായി ഈ ദിനം ആചരിക്കുന്നത്.
പത്രപ്രവര്‍ത്തനമെന്നാല്‍ വിവര വിനിമയ പ്രവാഹത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തരും എന്നതാണ് ഇന്നുള്ള വിവക്ഷ. പത്രപ്രവര്‍ത്തകരെന്നാല്‍ കേവലം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, ഇലക്ട്രോണിക് മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ (എഫ്എം ഉള്‍പ്പെടെ), കമ്പ്യൂട്ടര്‍, ഇന്‍ര്‍നെറ്റ്, ബ്ലോഗ്, സാമൂഹിക മാധ്യമങ്ങള്‍ എന്തിനേറെ സിറ്റിസന്‍ ജേണലിസ്റ്റ് എന്ന ഓരോ പൗരനും വാര്‍ത്താ ദാതാവാകാന്‍ ഇന്നത്തെ യുഗത്തിലുള്ളവര്‍ വരെ മാധ്യമ പ്രവര്‍ത്തകരുടെ വിശാല കൂട്ടായ്മകളില്‍ അംഗങ്ങളാണ്.
അതുകൊണ്ട് തന്നെ സ്വതന്ത്ര വിവര വിനിമയ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതെന്തും പൗരാവകാശത്തിന് നേരെ തന്നെയുള്ള വെല്ലുവിളിയാണ്. ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ Reporters without Border ഒരു കാവല്‍നായയെ പോലെ മാധ്യമ ധ്വംസനങ്ങള്‍ക്കെതിരെ കാതോര്‍ത്തിരിക്കുകയാണ്. 2002മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ടായ Press Freedom Index അവര്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്.
ജനാധിപത്യത്തിൻ്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഇന്നത്തെ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരകാലത്ത് (facebook, whatsApp, Twitter etc) ജനാധിപത്യത്തിൻ്റെ അഞ്ചാം തൂണായി സോഷ്യല്‍ മീഡിയയേയും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഭീഷണി ജനാധിപത്യ പ്രക്രിയയെ തന്നെ തടസ്സപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയില്‍ അടുത്തിടെ ജനകീയ എന്‍സൈക്ലോപ്പീഡിയ ആയ വിക്കിപീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഭരണകൂട ഭീകരതയായാണ് വിവരാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഇന്ത്യയില്‍ ജമ്മുകശ്മീരില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും പ്രതിഷേധിച്ച് ജമ്മുകശ്മീര്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കൊല്ലം അന്തര്‍ദേശീയ പത്രസ്വാതന്ത്ര്യ ദിനാചരണം ബഹിഷ്‌ക്കരിച്ചാണ് പ്രതിഷേധിക്കുന്നത്.
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിൻ്റെ നൂറാം ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അത്താഴം അദ്ദേഹം തന്നെ ബഹിഷ്‌ക്കരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പൊതുവില്‍ നികൃഷ്ടരും അസത്യം പ്രചരിപ്പിക്കുന്നവരുമാണെന്ന നിലപാടാണ് ട്രംപിന്. 1981 ന് ശേഷം ആദ്യമായാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അത്താഴം അമേരിക്കന്‍ പ്രസിഡണ്ട് ബഹിഷ്‌ക്കരിക്കുന്നത്. 1981ല്‍ റൊണാള്‍ഡ് റെയ്ഗന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് വിശ്രമിക്കുന്നതിനാല്‍ അദ്ദേഹം അത്താഴത്തിന് എത്തിയിരുന്നില്ല.
ലോകത്ത് ഏറെ രാജ്യങ്ങളും മാധ്യമ സ്വാതന്ത്ര്യം മാനിക്കുന്നില്ല. 2006 മുതല്‍ 2016 വരെ ഏതാണ്ട് 929 മാധ്യമ പ്രവര്‍ത്തകരാണ് കൊലക്കത്തിക്കിരയായത്. നമ്മുടെ തൊട്ടയല്‍പ്പക്ക രാജ്യങ്ങളായ ബംഗ്ലാദേശിലും മാലിദ്വീപിലും ബ്ലോഗര്‍മാര്‍ നിരന്തരം വധിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും മത തീവ്രവാദികള്‍ സ്വാതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തികച്ചും എതിരാണ്. അതുകൊണ്ട് തന്നെയാണ് 2016ലെ Press Freedom Indexല്‍ 200 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നിലായതും.
സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളായ നോര്‍വെ, സ്വീഡന്‍, ഫിന്‍ലാൻ്റ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാൻ്റ്, സ്വിറ്റ്‌സര്‍ലാൻ്റ് എന്നിവരാണ് മാധ്യമ സ്വാതന്ത്ര്യം പരിപാലിക്കുന്നവരില്‍ മുന്നിലുള്ളത്. 16 ാമതായി ജര്‍മ്മനിയും, 40ാമതായി ബ്രിട്ടനും ഉണ്ട്. അമേരിക്ക 43 ാം റാങ്കിലാണ്. അതായത് ശരാശരി മാത്രം. ഇന്ത്യ 200 രാജ്യങ്ങളില്‍ 136 ാമതാണ്. അയല്‍ രാജ്യങ്ങളായ പാക്കിസ്താന്‍ 139 ലും ബംഗ്ലാദേശ് 146ലുമാണ്. മറ്റൊരു അയല്‍ രാജ്യമായ അഫ്ഘാനിസ്ഥാനില്‍ അരാജകത്വം മൂലം അവിടെ നിന്നുള്ള മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അവസ്ഥ മനസ്സിലാക്കുവാന്‍ പോലും മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല.
ഏകാധിപത്യമോ പരമാധിപത്യമോ പുലര്‍ത്തുന്ന വടക്കന്‍ കൊറിയ, ചൈന, സിറിയ, വിയറ്റ്‌നാം, ക്യൂബ, ലാവോസ് എന്നിവയാകട്ടെ പത്രസ്വാതന്ത്ര്യം ഒട്ടുംതന്നെ വിലമതിക്കാത്ത രാജ്യങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമുള്ള ചൈനയില്‍ ഒരു വാര്‍ത്താ ഏജന്‍സിയേ ഉള്ളൂ..സിന്‍ഹുവ (Xinhua). . ഒരു പത്രവും. National people daily. ഒരു ചാനലും ccctv.
ലോക ജനസംഖ്യയില്‍ 42 ശതമാനം പേര്‍ക്ക് മാത്രമേ ഭാഗികമായെങ്കിലും സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ രുചിയറിയാന്‍ സാധിക്കുന്നുള്ളൂ. 13 ശതമാനം വരുന്ന വരേണ്യ വര്‍ഗം എല്ലാ മാധ്യമ സ്വാതന്ത്ര്യവും അനുഭവിക്കുന്നു. എന്നാല്‍ 45 ശതമാനം ലോകജനങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം എന്തെന്ന് പോലും അറിയുന്നില്ല.
സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ 19 ാം അനുഛേദത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ Article 19 ല്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് പ്രഖ്യാപിക്കുന്നത്. അല്ലാതെ Press Freedom എന്ന വാക്ക് ലോകത്തെ ഏറ്റവും വലിയ ഭരണഘടനയായ നമ്മുടേതില്‍ എവിടേയും പറയുന്നില്ല. അതുകൊണ്ട് തന്നെ പത്രമാരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ ശ്രമിക്കാറുണ്ട്. 1975ല്‍ അടിയന്തരാവസ്ഥയുടെ ചുടവ് പിടിച്ചുകൊണ്ട് ഇന്ദിരാഗാന്ധി censorship ഏര്‍പ്പെടുത്തിയത് ഇതിൻ്റെ ഉദാത്ത ഉദാഹരണമാണ്. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അമിത സ്വാതന്ത്ര്യം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടി വരികയാണ്.
ഹണി ട്രാപ്പ്, പെയ്ഡ് ന്യൂസ്, എംബഡഡ് ജേര്‍ണലിസം, സിന്റിക്കേറ്റ് ജേര്‍ണലിസം എന്നീ ദുഷ്പ്രവണതകള്‍ മാധ്യമ നൈതികതക്ക് ഒട്ടും തന്നെ ചേര്‍ന്നതല്ല. യുഎന്‍ പൊതുസഭ, യുനെസ്‌ക്കോ, ആര്‍ഡബ്ല്യൂബി എന്നിവര്‍ ഓരോ വര്‍ഷവും ഓരോ പ്രമേയം കേന്ദ്രമാക്കി, ഒരു രാജ്യതലസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചു വരികയാണ്. 2017 ല്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയായിരുന്നു ഈ ദിനാചരണത്തിൻ്റെ ഔദ്യോഗിക വേദി. ‘Critical mind for critical times: media’s role in advancing peaceful, just and inclusive societies’ ( എല്ലാവരേയും ഉള്‍ക്കൊണ്ട് കൊണ്ടുള്ള വികസിതവും സമാധാനപൂര്‍ണവുമായ സമൂഹം: നിര്‍ണായക കാലത്തെ വിമര്‍ശന മനസ്സ്) എന്നതായിരുന്നു വിഷയം.
ദേശീയതലത്തില്‍ നവംബര്‍ 16 പത്രദിനമായി ആചരിക്കുന്നുണ്ട്. press council of Indiaയുടെ നേതൃത്വത്തിലാണ് ഇതിൻ്റെ സംഘാടനം. റഷ്യയും അതിൻ്റെ നേതാവ് പുട്ടിനും നിരന്തര പ്രചാരണത്തിലൂടെ (propaganda) പുതിയൊരു പത്രപ്രവര്‍ത്തന ശൈലി മുമ്പോട്ട് വയ്ക്കുന്നുണ്ട്. ട്രംപും കൂട്ടരും അതിദേശീയത ഉയര്‍ത്തിപ്പിടിച്ച Post Truth അഥവ സത്യാന്തര ലോകം കെട്ടിപ്പൊക്കുന്നു. ലോകത്ത് 21 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം അതീവ ദുഷ്‌ക്കരമായി തുടരുന്നു. 51 രാജ്യങ്ങളില്‍ പൊതുവില്‍ നല്ല അവസ്ഥയിലല്ല കാര്യങ്ങള്‍. എഡ്മണ്ട് ബര്‍ക്ക് വിളിപ്പേര് ചൊല്ലിയ നാലാംതൂണും, അഞ്ചാം തൂണും സുതാര്യ ജനാധിപത്യത്തിന് അത്യന്താപേക്ഷിതം തന്നെയാണ്.
ഡോ. സന്തോഷ് മാത്യ
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി